കോഴിക്കോട് യുവാവിനെ എട്ടംഗസംഘം തട്ടിക്കൊണ്ടുപോയി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്

കോഴിക്കോട്: നടക്കാവിൽ സുഹൃത്തും സംഘവും ചേർന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റഹീസിനെയാണ് തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം നടക്കാവ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ എട്ടംഗ സംഘവും പിടിയിലായി. കക്കാടംപൊയിലിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ചെയാണ് റഹീസിനെ നടക്കാവ് ജവഹർ നഗർ കോളനിയിൽ നിന്ന് സുഹൃത്ത് സിനാനും സംഘവും ചേർന്ന് കാർ ഉൾപ്പെടെ തട്ടിക്കൊണ്ടു പോയത്. ഇവിടുത്തെ താമസക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹന നമ്പറും വാഹനം കടന്നു പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.

റഹീസിന് സുഹൃത്തുക്കളുമായി ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം മാത്രമേ തട്ടിക്കൊണ്ടു പോകലിനു പിന്നിലെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *