തിരുവനന്തപുരം: ക്ഷേമ പെൻഷൻ കൂട്ടാനൊരുങ്ങി സർക്കാർ. പെൻഷൻ കൂട്ടുന്നതടക്കമുള്ള കാര്യങ്ങളിൽ ധനവകുപ്പ് ആസൂത്രണരേഖ തയ്യാറാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പ് 100 രൂപ കൂട്ടി 1700 ആക്കാനാണ് ശുപാർശ.
ഒക്ടോബർ ആദ്യം തന്നെ വർദ്ധനവ് പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായിരിക്കും വീണ്ടും നൂറ് രൂപ കൂട്ടുക. കൂടാതെ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഒരു ഗഡു ക്ഷാമബത്ത (ഡിഎ)അനുവദിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.
സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ച് ജനകീയ പിന്തുണ ശക്തിപ്പെടുത്താനാണ് ലക്ഷ്യം. ക്ഷേമ പെൻഷൻ 2,500 രൂപയായി ഉയർത്തുമെന്നായിരുന്നു എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാൽ, സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഗണ്യമായ വർദ്ധനവ് അനുവദിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ക്ഷാമാശ്വാസവും 15 ശതമാനത്തിൽ നിന്ന് 18 ആയാണ് വർധിപ്പിച്ചിട്ടുണ്ട്. ക്ഷാമബത്ത ഓഗസ്റ്റിലെ ശമ്പളത്തിനൊപ്പവും ക്ഷാമാശ്വാസം സെപ്റ്റംബറിലെ പെൻഷനൊപ്പവും ലഭിക്കും.
ഉത്തരവ് പ്രകാരമുള്ള അധിക ചെലവ് തദ്ദേശസ്ഥാപനങ്ങൾ തനത് ഫണ്ടിൽനിന്ന് വഹിക്കണമെന്നാണ് നിർദേശം. പാർട്ട് ടൈം അധ്യാപകർക്കും പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്കും പുനർനിയമനം ലഭിച്ച പെൻഷൻകാർക്കും വർധിപ്പിച്ച നിരക്ക്, ലഭിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ബാധകമാകുന്നതാണ്.

