രാഹുലിന് പിന്തുണ; ശ്രീന ദേവിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഐ; പെയ്ഡ് പോസ്റ്റ് എന്ന് ഡിവൈഎഫ്ഐ

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം മുണ്ടപ്പള്ളി തോമസ്. പാര്‍ട്ടിയുടെ പേരില്‍ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണ്. പോസ്റ്റില്‍ സിപിഐക്ക് ഉത്തരവാദിത്തം ഇല്ലെന്നും രാഹുലിനെ ശ്രീനാദേവി പിന്തുണയ്ക്കും എന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുണ്ടപ്പള്ളി തോമസ് അങ്ങനെ പറയില്ലെന്നും പറഞ്ഞാല്‍ ഓര്‍മ്മപ്പിശക് ആയിരിക്കും എന്നും ശ്രീനാദേവി പറഞ്ഞു.

ശ്രീന ദേവിയുടെ പോസ്റ്റിനെ പരിഹസിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. രാഹുലിനെ വെളിപ്പിച്ച് എടുക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പെയ്ഡ് പോസ്റ്റുകൾ ഇറക്കുന്നുവെന്ന് സനോജ് പറഞ്ഞു. ഇടതുപക്ഷത്തു നിന്നും ആരെങ്കിലും രാഹുലിനെ അനുകൂലിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ വെളിപ്പിച്ചെടുക്കാൻ കഴിയില്ലെന്നും സനോജ് പറഞ്ഞു. മുകേഷ് എംഎൽഎക്കും രാഹുലിനും എതിരെയുള്ള പരാതികൾ ഒരുപോലെ കാണേണ്ടതില്ലെന്നും മുകേഷിനെതിരെ പരാതി ഉന്നയിച്ചയാള്‍ ഇപ്പോൾ ജയിലിലാണെന്ന് സനോജ് പറഞ്ഞു.

രാഹുല്‍ വിഷയത്തില്‍ സാങ്കല്‍പിക ഇരകളെ സൃഷ്ടിക്കുന്നു എന്നും ഒരു മാധ്യമപ്രവര്‍ത്തക തന്നെയും ഇരയാക്കാന്‍ ശ്രമിച്ചു എന്നും ആയിരുന്നു ശ്രീന ദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്ക് യാതൊരു പരാതിയും ഉന്നയിക്കാൻ ഇല്ലാതിരിക്കെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തില്‍ പരാതിയുണ്ടെന്ന് ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന ശൈലിയല്ലെന്നും സിപിഐ നേതാവ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നും പരാതിക്കാരെ സൃഷ്ടിച്ചു വാർത്ത ഉണ്ടാക്കരുതെന്നും ശ്രീന ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *