AI Generated Image
ഇംഗ്ലണ്ടിലെ സഫോക്ക് ഫുട്ബോൾ ക്ലബില്‍ മത്സരം കാണുന്നതിനിടെ വയറുവേദനയെ തുടർന്ന് ബാത്ത്റൂമിലേക്ക് ഓടിയ 29കാരി ടോയ്‌ലറ്റിൽ കുഞ്ഞിന് ജന്മം നൽകി.കുഞ്ഞിന് ജന്മം നല്‍കിയപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണിതെന്നും ഷാർലറ്റ് റോബിൻസൺ പ്രതികരിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 24-ന് കിർക്ക്‌ലി, പേക്ക്ഫീൽഡ് ഫുട്‌ബോൾ ക്ലബ്ബുകൾ തമ്മിലുള്ള മത്സരം കാണാനാണ് ഷാര്‍ലറ്റ് എത്തിയത്. മത്സരത്തിനിടെ ഷാർലറ്റിന് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു. സാധാരണ വയറുവേദനയാണെന്ന് കരുതി ബാത്ത്റൂമിലേക്ക് ഓടിയെങ്കിലും പിന്നീട് ഇത് സാധാരണ വയറുവേദനയല്ലെന്ന് മനസിലായി. തൊട്ടുപിന്നാലെ കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നതും കണ്ടു.
29 ആഴ്ച ഗർഭിണിയായിരുന്നിട്ടും തനിക്ക് അതിന്‍റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്ന് ഷാർലറ്റ് പറയുന്നു. വയറോ ഛര്‍ദിയോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും തനിക്ക് ഇല്ലായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ഇത്രയും ദിവസം സാധാരണപോലെ തന്നെ ജോലികള്‍ ചെയ്യാറുണ്ടായിരുന്നെന്നും യുവതി കൂട്ടിച്ചേര്‍ത്തു.കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ഉടന്‍തന്നെ ഭർത്താവിനെയും അമ്മായിയമ്മയെയും ഫോണിൽ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ സാധിച്ചില്ല. ആംബുലൻസ് എത്തുന്നതുവരെ കുഞ്ഞിനെ ഫുട്ബോൾ ടീമിന്റെ ജേഴ്സിയിലാണ് കിടത്തിയത്. മത്സരം കാണാനെത്തിയ ഒരു പാരാമെഡിക്കൽ ഉദ്യോഗസ്ഥനാണ് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയത്.
അപ്രതീക്ഷിതമായി എത്തിയ കുഞ്ഞിന് അവർ ഹെന്‍റി എന്ന് പേരിട്ടു. യുകെയിൽ ഇത്തരം ഗര്‍ഭധാരണങ്ങള്‍ അപൂര്‍വമായി സംഭവിക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2,500 ജനനങ്ങളിൽ ഒന്ന് എന്ന തോതിൽ ഇത് സംഭവിക്കാം. ക്രമരഹിതമായ ആർത്തവം, പിസിഒഎസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഇത്തരം ഗർഭധാരണങ്ങൾക്ക് കാരണമാകാമെന്നും അവർ വ്യക്തമാക്കുന്നു.

