പുറത്ത് നിന്ന് നോക്കിയാൽ നല്ല ഉഗ്രൻ ടർഫ്; വൈകുന്നേരമായാൽ പയ്യന്മാർ കളിക്കാൻ ഓടിയെത്തും; ഒടുവിൽ എക്‌സൈസിന്റെ വരവിൽ വൻ ട്വിസ്റ്റ്; മലപ്പുറത്ത് ടർഫ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന; രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: പുല്‍പറ്റയില്‍ ടര്‍ഫ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പന നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയില്‍. പുല്‍പറ്റ മുത്തന്നൂര്‍ പൂതനപാട്ടില്‍ വീട്ടില്‍ രഞ്ജുമോന്‍ (34), സൗത്ത് തൃപ്പനച്ചി അമ്പലപ്പടി സ്വദേശി തളിയാരില്‍ വീട്ടില്‍ ഷാജി (45) എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് സര്‍ക്കിളും സംയുക്തമായി മുത്തന്നൂരില്‍ സ്ഥിതി ചെയ്യുന്ന ടര്‍ഫില്‍ പരിശോധന നടത്തിയതില്‍ 5.680 ഗ്രാം മെത്താഫിറ്റമിനുമായി രഞ്ജുവിനെ പിടികൂടി.

ടര്‍ഫിന്റെ നടത്തിപ്പുകാരനാണ് ഇയാള്‍. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എം.ഡി.എം.എ നല്‍കിയ ഷാജിയെ പിടികൂടിയത്. രണ്ടു പ്രതികളില്‍ നിന്നായി 29,000 രൂപയും 12.280 ഗ്രാം മെത്താഫിറ്റമിനും കണ്ടെടുത്തു.

പിടിലായ പ്രതികളെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്യുകയും മഞ്ചേരി സബ് ജയിലിലേക്ക് അയക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ടർഫ് ഗ്രൗണ്ടുകൾ ലഹരി വിൽപ്പനക്കായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കണ്ടെത്തൽ ആശങ്കയുളവാക്കുന്നുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ നാസർ, ഇ.ഐ ആൻഡ് ഐ.ബി ഇൻസ്പെക്ടർ ടി. ഷിജു മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സിവില്‍ എക്സൈസ് ഓഫിസർമാരായ ഷബീർ അലി, സച്ചിൻദാസ്, അഖിൽദാസ്, സിവില്‍ എക്സൈസ് ഓഫിസർ ഡ്രൈവർ അബ്ദുറഹ്‌മാൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *