ഏഷ്യാകപ്പിൽ ‘എൽ ക്ലാസിക്കോ’ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മിന്നും തുടക്കം. ആദ്യ രണ്ട് ഓവറിൽ തന്നെ പാക്കിസ്ഥാന് രണ്ടു വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ സയിം അയൂബ് (0), വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസ്( 5 പന്തിൽ 3) എന്നിവരാണ് പുറത്തായത്. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവർക്കാണ് വിക്കറ്റ്.
ഹാർദിക് എറിഞ്ഞ, ഇന്നിങ്സിന്റെ ആദ്യ പന്ത് വൈഡായതിനു പിന്നാലെ വീണ്ടും എറിഞ്ഞ കിടിലൻ ഇൻസ്വിങ്ങറിൽ ബാറ്റു വച്ച അയൂബിനെ ജസ്പ്രീത ബുമ്ര കയ്യിലൊതുക്കുകയായിരുന്നു. രണ്ടാം ഓവറിൽ ബുമ്രയുടെ പന്തിൽ ഹാർദിക്കാണ് ഹാരിസിനെ പിടികൂടിയത്. ഇതോടെ രണ്ട് ഓവറിൽ 7ന് 2 എന്ന നിലയിലായി പാക്കിസ്ഥാൻ.
ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ സർമാൻ ആഗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് ലഭിച്ചാൽ ആദ്യം ബോൾ ചെയ്യാൻ തന്നെയായിരുന്നു തീരുമാനമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. യുഎഇക്കെതിരെ ഇറങ്ങിയ അതേ ടീമുമായാണ് പാക്കിസ്ഥാനെതിരെയും ഇന്ത്യ ഇറങ്ങിയത്. പാക്കിസ്ഥാൻ ടീമിലും മാറ്റമില്ല.
ബഹിഷ്കരണ ആഹ്വാനത്തിനിടെയാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം അരങ്ങേറുന്നത്. മത്സരത്തിന്റെ ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു ശരിവച്ച് ഗാലറിയിൽ അനേകം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. മത്സരത്തിന് മൂന്നു മണിക്കൂർ മുൻപെങ്കിലും സ്റ്റേഡിയത്തിൽ എത്തണമെന്നായിരുന്നു നിർദേശം.

