“മുറിയിൽ കെട്ടിത്തൂക്കിയിട്ടശേഷം ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിച്ചത് രശ്മി; നഖത്തിനിടയിൽ മൊട്ടുസൂചി അടിച്ചുകയറ്റി”

പത്തനംതിട്ട: “മുറിയിൽ കെട്ടിത്തൂക്കിയിട്ടശേഷം വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ രശ്മിയാണ് സ്റ്റേപ്ലർ പിൻ അടിച്ചത്. വേദനകൊണ്ട് പുളഞ്ഞു. കാൽവിരലിലെ നഖം കട്ടിങ് പ്ലെയർ ഉപയോഗിച്ച് പറിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ കുതറി.

വലതുകാൽ ബലമായി പിടിച്ചുവെച്ച് നഖത്തിനിടയിൽ രശ്മി മൊട്ടുസൂചി അടിച്ചുകയറ്റി. കമ്പിവടികൊണ്ട് എന്റെ കാലിലും ശരീരത്തും ജയേഷ് അടിച്ചുകൊണ്ടിരുന്നു. കാൽമുട്ട് പൊട്ടി ചോര ഒലിച്ചു. ആഴത്തിലുള്ള മുറിവിനകത്തേക്ക് പെപ്പർ സ്പ്രേ അടിച്ചു.” കേട്ടാൽ വിശ്വസിക്കാനാകാത്ത ക്രൂരകൃത്യങ്ങളാണ് തിരുവോണദിവസം വൈകീട്ട് കോയിപ്രം ആന്താലിമണ്ണിലെ വീട്ടിൽ നടന്നത്. ഇത് വിവരിച്ചത് മർദനത്തിനിരയായി, ജീവൻ തിരിച്ചുകിട്ടിയ റാന്നി അത്തിക്കയം സ്വദേശിയായ 29-കാരനായിരുന്നു

ജയേഷുമായി 2018 മുതലുള്ള പരിചയമാണെന്ന് യുവാവ് പറയുന്നു; “ബെംഗളൂരുവിലെ ക്രഷർ കമ്പനിയിൽ ജോലിയായിരുന്നു ജയേഷും താനും. അവിടെവെച്ചാണ് പരിചയപ്പെടുന്നത്. ജയേഷുമായി മുൻവിരോധമില്ല. ജയേഷിനെ വിളിച്ചിട്ട് കിട്ടാതാകുമ്പോൾ രശ്മി തന്റെ ഫോണിൽ വിളിക്കുമായിരുന്നു. അങ്ങനെയാണ് രശ്മിയുമായുള്ള പരിചയം. തിരുവോണദിവസം വൈകീട്ട് രശ്മിയാണ് വിളിച്ച് വീട്ടിലേക്ക് വരാൻ പറയുന്നത്. തിരുവോണത്തിന് വീട്ടിലേക്ക് ക്ഷണിക്കുന്നത് സ്വാഭാവികമായതിനാൽ ചെന്നു. വീട്ടിൽ കയറി സംസാരിച്ചിരുന്നതിനിടെ ജയേഷ് പെപ്പർ സ്പ്രേ അടിച്ചു. പിന്നീട് അടിച്ചുതാഴെയിട്ട ശേഷം ബ്ലേഡ് കഴുത്തിനുവെച്ച് ഭീഷണിപ്പെടുത്തി. ഇരുവരും ചേർന്ന് ഷാൾ ഉപയോഗിച്ച് കൈകൾ കെട്ടിയശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. ജനനേന്ദ്രിയത്തിലും പുറത്തും സ്റ്റേപ്ലർ പിൻ അടിച്ചു. കാലിൽനിന്ന് ചോര ഒലിക്കുമ്പോൾ അവർ ചിരിക്കുകയായിരുന്നു. മാത്രമല്ല, ആഭിചാരക്രിയപോലെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. മർദനത്തിനുശേഷം എട്ടുമണിയോടെ സ്കൂട്ടറിൽ പുതമൺ പാലത്തിൽ തള്ളി. അതുവഴിവന്ന ഓട്ടോറിക്ഷക്കാരനാണ് ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. അവിടെവെച്ചാണ് സ്റ്റേപ്ലർ പിൻ ഊരിയത്. കാലിനും ആറ് വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിട്ടുണ്ടെന്നും ശരീരമാസകലം വേദനയാണെന്നും യുവാവ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *