കൊച്ചി: മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്‍റെ മരണത്തില്‍ വി.എം.രാധാകൃഷ്ണന് തിരിച്ചടി. കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ രാധാകൃഷ്ണന്‍ മൂന്നാം പ്രതിയാണ്.
2011 ജനുവരി 24നാണ് ശശീന്ദ്രനെയും രണ്ടു മക്കളെയും കഞ്ചിക്കോട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചു. ആത്മഹത്യ തന്നെയാണ് എന്നായിരുന്നു അന്വേഷണ സംഘങ്ങളുടെ കണ്ടെത്തൽ.
പിന്നീട് ശശീന്ദ്രന്റെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഈ വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ വി.എം.രാധാകൃഷ്ണനെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2013 മാർച്ചില്‍ രാധാകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. എന്നാല്‍ എറണാകുളം സിജിഐഎം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു
കേസിലെ ഒന്നാം പ്രതിയായ മലബാർ സിമന്റ്സ് മുന്‍ എംഡി സുന്ദരമൂർത്തി, രണ്ടാം പ്രതിയായ സുന്ദരമൂർത്തിയുടെ സെക്രട്ടറി സൂര്യ നാരായണൻ എന്നിവര്‍ നേരത്തെ കേസില്‍ മാപ്പ് സാക്ഷികളായിരുന്നു. ഈ സാഹചര്യത്തിലാണ് തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് വി.എം.രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചത്.

