അധിക്ഷേപം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെ പരാതിയുമായി മാധ്യമപ്രവർത്തക

തിരുവനന്തപുരം: വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാറാണ് പരാതി നൽകിയത്.

ജോലി തടസപ്പെടുത്തി, ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും എതിരെയാണ് പരാതി. ഡി.ജി.പിക്ക് നല്‍കിയ പരാതി ജില്ല റൂറൽ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.

ഈ മാസം 21ന് വർക്കല ശിവഗിരിയിൽ വച്ചാണ് സുലേഖ ശശികുമാറിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് മോശം പ്രതികരണമുണ്ടായത്. ബി.ജെ.പി കൗൺസിലർ തിരുമല അനിലിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ച വനിതാ മാധ്യമ പ്രവർത്തകയോടാണ് രാജീവ് ചന്ദ്രശേഖർ ക്ഷുഭിതനായി സംസാരിച്ചത്.

ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പും അനിലിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായി രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് ബി.ജെ.പി അധ്യക്ഷനെ ചൊടിപ്പിച്ചത്.

മരിച്ച ആളെ കുറിച്ച് ഇങ്ങനെ പറയാൻ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു രാജീവ് ചന്ദ്രശേഖർ കയർത്തത്. സത്യം എന്താണെന്ന് വരും ദിവസങ്ങളിൽ പുറത്തുവരും. സി.പി.എമ്മിന്‍റെ തന്ത്രമാണിത്. അനിലിന് നീതി ലഭ്യമാക്കും. അനിലിനെ പ്രതിസന്ധി സമയത്ത് ബി.ജെ.പി സംരക്ഷിച്ചില്ലെന്ന് ആര് പറഞ്ഞെന്നും വേണ്ടാത്ത കാര്യങ്ങൾ പറയരുതെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *