തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് തെക്കൻ ഒഡീഷ–വടക്കൻ ആന്ധ്ര തീരത്തു പ്രവേശിക്കാനാണു സാധ്യത.
തെക്കൻ കേരളത്തിനൊപ്പം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തിയേറിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ ശക്തിയേറിയ മഴ തുടരും. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ (നിർദേശം പുറപ്പെടുവിച്ച സമയം രാവിലെ 7 മണി) ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

