മരിക്കാൻ പോകുന്നുവെന്ന് കത്തെഴുതി വച്ചശേഷം നാടുവിട്ട യുവതിയെ മൂന്ന് വർഷത്തിന് ശേഷം കണ്ടത്തി: മുങ്ങിയത് ലക്ഷങ്ങൾ തട്ടിയ ശേഷം

കോഴിക്കോട്: മരിക്കാൻ പോകുകയാണെന്ന് കത്തെഴുതി വച്ചശേഷം നാടുവിട്ട യുവതിയെ മൂന്ന് വർഷത്തിന് ശേഷം കണ്ടത്തി. ചെറുവണ്ണൂർ മാതൃപ്പിള്ളി വർഷയെയാണ് (30) കണ്ടെത്തിയത്. ഫറോക്ക് എട്ടേമൂന്ന് വാഴപ്പുറത്തറയിലെ വാടകവീട്ടിൽ നിന്ന് 2022 നവംബർ 11ന് രാവിലെയാണ് യുവതി സ്കൂട്ടറിൽ പോയത്. കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പിന്നാലെ യുവതിയുടെ സ്കൂട്ടർ അറപ്പുഴ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഫോണും സിമ്മും ഉപേക്ഷിച്ച വർഷയെ തേടി വ്യാപക അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല.

കമ്മിഷണറുടെ നിർദേശപ്രകാരം നിയോഗിച്ച സ്‌പെഷ്യൽ സ്‌ക്വാഡ് സെെബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും യുവതി ജീവിച്ചിരിപ്പുണ്ടെന്നും ഇന്റർനെറ്റ് കോളുകൾ വഴി വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടെന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ അന്വേഷണസംഘം പിടികൂടിയത്. യുവതി 2022 നവംബറിൽ ഫറോക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപത്തിൽ 226.5 ഗ്രാം വ്യാജ സ്വർണം പണയം വച്ച് 9.10 ലക്ഷം രൂപ കെെക്കലാക്കിയതായും ഒട്ടേറെ വ്യക്തികളിൽ നിന്ന് പണം കടം വാങ്ങിയതായും പൊലീസ് കണ്ടെത്തി. പുഴയിൽ ചാടി മരിച്ചതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കത്തെഴുതി വച്ച് പാലത്തിന് സമീപം സ്കൂട്ടർ നിർത്തി നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *