പത്തനംതിട്ട: ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന നിമഗനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019-ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തില്‍ വിദഗ്ധരെത്തിയത്. സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ വിദഗ്ധ പരിശോധന വേണമെന്ന ആവശ്യം വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
2019 ജൂലായില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളിൽ തിരിമറി സംഭവിച്ചെന്ന വാദത്തെ ശരിവെക്കുന്ന കണ്ടെത്തലാണ് ദേവസ്വം വിജിലന്‍സ് നടത്തിയിരിക്കുന്നത്. 2025-ല്‍ വീണ്ടും പുതുക്കി ശബരിമലയിലെത്തിച്ച സ്വര്‍ണപ്പാളിയുമായി 2019-ലെ പാളികളെ തട്ടിച്ചുനോക്കിയാണ് പുതിയ നിഗമനത്തിലെത്തിയത്. തുലാമാസ പൂജകള്‍ക്കുശേഷം നടതുറക്കുമ്പോള്‍ ശുദ്ധിക്രിയ നടത്തിയ ശേഷമാണ് പുതുക്കി ശബരിമലയിലെത്തിച്ച ഈ പാളി സ്ഥാപിക്കുക.
2019-ല്‍ വിജയ് മല്യ സ്വര്‍ണം പൂശിവെച്ചിരുന്ന പാളിയല്ല സന്നിധാനത്ത് ഇപ്പോഴുള്ളതെന്ന് ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് ശബരിമല സന്നിധാനത്ത് സ്ഥാപിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടെന്നാണ് കരുതേണ്ടത്. ഗോള്‍ഡ് സ്മിത്തും ഈ നിഗമനത്തിലേക്കാണ് എത്തുന്നത്.
എന്നാല്‍, ഇതുസംബന്ധിച്ച ആധികാരികമായ ഒരു തീര്‍പ്പിലെത്തണമെങ്കില്‍ കൂടുതല്‍ വിദഗ്ധമായ പരിശോധന ആവശ്യമാണ്. ഇതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചേക്കും. കൂടാതെ, നിലവില്‍ ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം ഗണിക്കാനുള്ള പരിശോധന നടത്തണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടേക്കും.

