സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ശേഷം ശാസ്ത്രീയമായി ഉത്തരം പറയാം-എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍  പ്രതിപക്ഷം നിയമസഭയില്‍ എന്തുകൊണ്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ സ്വാഭാവികമായി എല്‍ഡിഎഫ് സര്‍ക്കാര്‍ അത് ചര്‍ച്ച ചെയ്യുമായിരുന്നു. അതിന് നില്‍ക്കാതെ സഭ അലങ്കോലമാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. ചര്‍ച്ചയെ എന്തിനാണ് ഭയക്കുന്നതെന്നും ഗോവിന്ദന്‍ ചോദിച്ചു.

രാഷ്ട്രീയ മുദ്രാവാക്യത്തിന് എല്‍ഡിഎഫ് കീഴടങ്ങില്ല. അന്വേഷണം കഴിയാതെ ശബരിമല വിവാദത്തില്‍ അഭിപ്രായം പറയില്ല. അന്വേഷണത്തിന് ശേഷം ശാസ്ത്രീയമായിട്ട് ഉത്തരം പറയാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

വിഷയത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനും ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.’ഞങ്ങള്‍ക്ക് ഇതില്‍ ഒന്നും മറച്ചുവെക്കാനില്ല. കുറ്റവാളികളെ ആരേയും സംരക്ഷിക്കാനില്ല. ആരാണോ കുറ്റവാളിയെന്ന് കോടതിയുടെ നിയന്ത്രണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വരട്ടെ. അതിനനുസരിച്ച് കാര്യങ്ങള്‍ പറയാം’ ഗോവിന്ദന്‍ പറഞ്ഞു.

പ്രതിപക്ഷം ഇതിനെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുകയാണ്. അതുകൊണ്ടൊന്നും ഇടതുപക്ഷത്തിന്റെ മൂന്നാംഘട്ടത്തിലേക്കുള്ള പ്രവേശനത്തെ തടയാന്‍ കഴിയില്ല. ഇതിന്റെ പേരിലൊന്നും അത് തടയാനാകില്ല. ഇതിന്റെ ഉത്തരവാദി ആരാണെങ്കിലും സര്‍ക്കാരും പാര്‍ട്ടിയും ആവശ്യമായ നടപടി സ്വീകരിക്കും. അതില്‍ സംശയവുമില്ല. കോടതി പ്രഖ്യാപിക്കുന്ന ഏത് അന്വേഷണത്തെയും സ്വീകരിക്കുമെന്നും എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *