ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചക്രവാതച്ചുഴി; അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഇത് കിഴക്കന്‍-തെക്കു കിഴക്കന്‍ ദിശയില്‍ അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് നീങ്ങി അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കന്യാകുമാരി പ്രദേശത്തും അതിനോടു ചേര്‍ന്ന ഭാഗങ്ങളിലും 1.5 കി.മീ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു.വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒക്ടോബര്‍ 10-ഓടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത. ഇതേതുടര്‍ന്നാണ് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും ഇടിമിന്നലിനോടൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശനി, ഞായര്‍ ദിവസങ്ങളല്‍ പാലക്കാട്, മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *