നടി ശില്‍പ ഷെട്ടിക്കും ഭർത്താവിനും യാത്രാനുമതി നിഷേധിച്ചു: 60 കോടി രൂപ അടച്ചതിനു ശേഷം വിഷയം പരിഗണിക്കാമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: കൊളംബോയില്‍ യൂട്യൂബ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടി ശില്‍പ ഷെട്ടിക്ക് ബോംബെ ഹൈക്കോടതി ബുധനാഴ്ച യാത്രാനുമതി നിഷേധിച്ചു. തട്ടിപ്പ് കേസില്‍ 60 കോടി രൂപ ആദ്യം അടച്ചതിനു ശേഷം വിഷയം പരിഗണിക്കാമെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു.

ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) പുറപ്പെടുവിച്ച ലുക്ക്ഔട്ട് സര്‍ക്കുലര്‍ (LOC) നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുമൂലം കോടതിയുടെയോ അന്വേഷണ ഏജന്‍സിയുടെയോ അനുമതിയില്ലാതെ അവര്‍ക്ക് വിദേശയാത്ര നടത്താന്‍ കഴിയില്ല.

ഒക്ടോബര്‍ 25 മുതല്‍ 29 വരെ കൊളംബോയില്‍ നടക്കുന്ന പരിപാടിയില്‍ നടിക്ക് പങ്കെടുക്കേണ്ടതുണ്ടെന്ന് ഷെട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതി ക്ഷണക്കത്ത് ആവശ്യപ്പെട്ടപ്പോള്‍, ഫോണില്‍ സംസാരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും യാത്രാനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഔദ്യോഗിക ക്ഷണം ലഭിക്കുകയുള്ളൂ എന്നും അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍, കോടതി ഈ ആവശ്യം നിരസിക്കുകയും യാത്രാനുമതി തേടുന്നതിന് മുന്‍പ് ദമ്പതികള്‍ തട്ടിപ്പ് കേസിലെ 60 കോടി രൂപ അടയ്ക്കണമെന്ന് പറഞ്ഞു. ഒക്ടോബര്‍ 14-ന് വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റിവെക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *