തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന് നേരെയുള്ള സൈബർ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം മുഴുവൻ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവിനെതിരെ സൈബർ ആക്രമണം നടത്തുന്ന പാർട്ടിയായി സി.പി.എം അധഃപതിച്ചെന്ന് സതീശൻ പറഞ്ഞു.
എല്ലാവരും ബഹുമാനത്തോടും ആദരവോടും നോക്കുന്ന നേതാവാണ് ജി. സുധാകരൻ. നീതിമാനായ ഭരണകർത്താവാണ്. വിദൂഷകരുടെയോ സൈകോ ഫാൻസിന്‍റെയോ കൂട്ടത്തിൽ അദ്ദേഹമില്ലെന്നും സതീശൻ വ്യക്തമാക്കി.
രാജകൊട്ടാരത്തിലെ വിദൂഷകർക്ക് മാത്രമാണ് കാര്യമുള്ളത്. മാന്യരായ ആളുകൾക്ക് സി.പി.എമ്മിൽ പോലും സ്ഥാനമില്ല. ജി. സുധാകരനെ അപമാനിക്കരുത്. ഒരു കോൺഗ്രസ് പ്രവർത്തകനാണ് ജി. സുധാകരനെതിരെ സൈബർ ആക്രമണം നടത്തിയാൽ പോലും അത് തടയുമെന്ന് സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകന് ഇ.ഡി. നോട്ടീസ് നൽകിയത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന് നേരെ ഹീനമായ സൈബർ ആക്രമണം നടക്കുകയാണ്. മാധ്യമപ്രവർത്തകരുടെ കുടുംബത്തെ വരെ ആക്രമിക്കുകയാണ്. സി.പി.എമ്മിന് എന്തും ആകാം. പിണറായി വിജയന്‍റെ മകന് ഇ.ഡി നോട്ടീസ് അയച്ചാൽ അത് വാർത്തയാക്കാൻ പാടില്ലേ? എന്തും നടക്കുമോ കേരളത്തിൽ? അതൊന്നും ശരിയല്ല.
സൈബർ ആക്രമണം കൊണ്ട് മാധ്യമപ്രവർത്തനം അവസനാപ്പിക്കുമോ? വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ഹീനമായ ആക്രമണം നടന്നില്ലേ? സി.പി.എമ്മിനെതിരെ വാർത്ത കൊടുത്താൽ വ്യക്തിപരമായി സൈബർ ആക്രമണം നടത്തുന്ന പരിപാടി കൈയിൽ വെച്ചാൽ മതിയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്റെ നടത്തിയ വിമർശനങ്ങൾക്ക് രൂക്ഷമായ ഭാഷയിലാണ് ജി. സുധാകരൻ മറുപടി നൽകിയത്. തന്നെ ഉപദേശിക്കാനുള്ള യോഗ്യത സജി ചെറിയാനില്ലെന്നും തന്നോട് ഫൈറ്റ് ചെയ്തവരാരും വിജയിച്ചിട്ടില്ലെന്നും സുധാകരൻ തുറന്നടിച്ചു. ജി. സുധാകരൻ പാർട്ടിയോട് ചേർന്നു പോകണണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് സുധാകരന്റെ വിമർശനം.
‘ഞാൻ പാർട്ടിയോട് ചേർന്നല്ല പോകുന്നത്. പാർട്ടിക്കകത്താണ്. അത് തന്നെ സജി ചെറിയാന് പറയാൻ അറിയില്ല. പാർട്ടിയിൽ ഉന്നതമായ സ്ഥാനത്തെത്തിയിട്ടും മാർക്സിസ്റ്റ് ശൈലിയിൽ സംസാരിക്കാൻ അറിയില്ല. പാർട്ടിക്ക് യോജിക്കാത്ത 14 കാര്യങ്ങൾ സജി ചെറിയാൻ പറഞ്ഞത് സംബന്ധിച്ച് വാർത്തയുണ്ടായിരുന്നു. ഇടക്ക് കുറുച്ചുകാലം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അയാളാണ് എന്നെ ഉപദേശിക്കുന്നത്. എന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ പ്രത്യേയ ശാസ്ത്രബോധമോ അദ്ദേഹത്തിനില്ല.’-സുധാകരൻ പറഞ്ഞു.
പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. തന്നോട് ഏറ്റുമുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല. അത് നല്ലതിനല്ല. തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ പരാതി വന്നു. സജി ചെറിയാൻ അറിയാതെ പരാതി പോകുമോ. സജി ചെറിയാൻ അതിൽ പങ്കാളി അല്ലേയെന്നും സുധാകരന്‍ ചോദിച്ചു.
ജി. സുധാകരനെ വിമർശിച്ചതിന്റെ പേരിൽ തന്നെ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് പറഞ്ഞ മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലനും സുധാകരൻ മറുപടി പറഞ്ഞു. ഞാൻ രാഷ്ട്രീയത്തിലൂടെ പൈസയൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും പണ്ടെത്തെ പോലെ ഇപ്പോഴും ലളിത ജീവിതം നയിക്കുകയാണെന്നും സുധാകരൻ ബാലന് മറുപടിയായി പറഞ്ഞു.
‘ആലപ്പുഴയില്‍ നടക്കുന്ന ‘വളരെ നികൃഷ്ടവും മ്ലേച്ഛവും മാര്‍ക്‌സിസ്റ്റ് വിരുദ്ധവുമായ ഈ പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ആക്രമണത്തിനെതിരെ എ.കെ. ബാലന്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. ബാലനെപ്പോലെ മാറാന്‍ തനിക്ക് പറ്റില്ല. ബാലന്‍ തന്നെപ്പറ്റി ഒന്നും പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്നേവരെ ഒരു പ്രസ്താവനയിലും പൊതുവേദിയിലും ബാലനെതിരെ ഒന്നും പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍, നികൃഷ്ടമായ, വൃത്തികെട്ട മാര്‍ക്‌സിസ്റ്റ് വിരുദ്ധ സംസ്‌കാരം ഇവിടെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനെ എതിര്‍ക്കാതെ തന്നെ ഉപദേശിക്കാന്‍ വരുന്നത് എന്തിനാണ്’- ജി. സുധാകരന്‍ ചോദിച്ചു.

