ജോലിക്ക് കോഴ; തമിഴ്നാട് സർക്കാരിനെ കുരുക്കിലാക്കി ഇഡിയുടെ പുതിയ വെളിപ്പെടുത്തൽ

 

ചെന്നൈ: ‍തമിഴ്നാട് മുനിസിപ്പൽ ഭരണവകുപ്പിൽ നടന്ന നിയമനങ്ങളിൽ വൻ ക്രമക്കേടുകൾ നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. ജോലിക്ക് വേണ്ടി ഉദ്യോഗാർത്ഥികളിൽ നിന്ന് 25 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഒപ്പുവെച്ച നിയമന ഉത്തരവുകളാണ് ഉപയോഗിച്ചത്. ആഗസ്റ്റ് ആറിനാണ് നിയമന ഉത്തരവ് കൈമാറിയത്. അസി. എഞ്ചിനിയർ, ടൗൺ പ്ലാനിങ് ഓഫീസർ, ജൂനിയർ എഞ്ചിനിയർ, ശുചീകരണ വിഭാഗം ഇൻസ്‌പെക്ടർ തുടങ്ങിയ തസ്തികകളിലേക്കുള്ള 2538 നിയമനങ്ങളാണ് ഇതിൽ ഉൾപ്പെട്ടത്. പ്രവേശന പരീക്ഷകളിലും വ്യാപകമായ അഴിമതി നടന്നതായി ഇഡി കണ്ടെത്തി.

ഇഡി നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, നിയമന പ്രക്രിയയുടെ മുഴുവൻ ഘട്ടങ്ങളിലും ഇടനിലക്കാരുടെ മുഖേന പണം കൈമാറ്റം നടന്നതായാണ് സൂചന. പണം സ്വീകരിച്ചത് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധുക്കളിലൂടെ ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ക്രമക്കേടിനെ തുടർന്ന് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) കത്തയച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നിയമനവുമായി ബന്ധപ്പെട്ട രേഖകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇഡി ശേഖരിച്ചിരിക്കുകയാണ്.

മുനിസിപ്പൽ ഭരണമന്ത്രിയും ഡിഎംകെയിലെ ശക്തനായ നേതാവുമായ കെ.എൻ. നെഹ്‌റുവിന്റെ സഹോദരൻ എൻ. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിലാണ് ഇഡിക്ക് നിർണായക തെളിവുകൾ ലഭിച്ചത്. ഈ സ്ഥാപനത്തിലൂടെയാണ് പണം ശേഖരിച്ചു നിയമന ഇടപാടുകൾ നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോലിക്ക് കോഴ കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന മന്ത്രി സെന്തിൽ ബാലാജിയുമായി ഇതിന് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു. ഇതോടെ ഡിഎംകെയെ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് പുതിയ വെളിപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *