ക്രിപ്റ്റോ കറൻസിയുടെ മറവിൽ 300 കോടി രൂപയുടെ ഹവാല ഇടപാട്; മലപ്പുറത്തും കോഴിക്കോടും ആദായനികുതി റെയ്ഡ്

കൊച്ചി: ക്രിപ്റ്റോ കറൻസികളുടെ മറവിൽ കേരളത്തിലേക്ക് നടത്തിയ ഏകദേശം 300 കോടി രൂപയുടെ ഹവാല ഇടപാട് ആദായനികുതി വകുപ്പ് കണ്ടെത്തി. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂനിറ്റ് മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഇന്തോനേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ക്രിപ്റ്റോ കറൻസികളായി ഹവാല പണം സംസ്ഥാനത്തേക്ക് എത്തിച്ചിരുന്നത്. ഇങ്ങനെ എത്തുന്ന തുക പിന്നീട് വിവിധ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് പണമാക്കി മാറ്റുകയായിരുന്നു.

ഹവാല ഇടപാടിനായി നൂറുകണക്കിന് സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ, അവരുടെ അറിവില്ലാതെ ദുരുപയോഗം ചെയ്തു എന്നും കണ്ടെത്തിയിട്ടുണ്ട്. ഹവാല സംഘത്തിന് നേതൃത്വം നൽകുന്നത് മലപ്പുറം സ്വദേശികളായ മുഹമ്മദാലി മാളിയേക്കൽ, റാഷിദ് എന്നിവരാണെന്ന് ഐ.ടി. ഇൻവെസ്റ്റിഗേഷൻ വിഭാഗം തിരിച്ചറിഞ്ഞു. ഇവരുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. സ്വന്തം ആവശ്യങ്ങൾക്കല്ലാതെ കെ.വൈ.സി വിവരങ്ങൾ പൊതുജനങ്ങൾ മറ്റാർക്കും കൈമാറരുത് എന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *