പത്തനംതിട്ട:ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി. വാസുവിന്റെ പി എ ആയിരുന്ന സുധീഷ് കുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് മൊഴിയെടുത്തത്. എസ് പി ശശിധരന്‍ ആണ് മുന്‍ ദേവസ്വം കമ്മീഷണര്‍ കൂടിയായിരുന്ന എന്‍ വാസുവിന്റെ മൊഴിയെടുത്തത്.
ശബരിമലയില്‍ സ്വര്‍ണപ്പാളി കടത്തിക്കൊണ്ടുപോയ സംഭവം നടക്കുമ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു നേരത്തെ അറസ്റ്റിലായ സുധീഷ് കുമാര്‍. പിന്നീട് എന്‍ വാസു പ്രസിഡന്റായപ്പോള്‍ അദ്ദേഹത്തിന്റെ പിഎ ചുമതലയിലേക്കും സുധീഷ് എത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന സംബന്ധിച്ച എന്‍ വാസുവിലേക്കും എത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് എന്‍ വാസുവിനോ അദ്ദേഹത്തിന്റെ ഓഫീസിനോ അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ശബരിമല ശ്രീകോവിലിലെ കട്ടിളപാളി, ദ്വാരപാലക ശില്പങ്ങള്‍ എന്നിവയിലെ സ്വര്‍ണ്ണം അപഹരിച്ച രണ്ട് കേസുകളിലും പ്രതിയാണ് അടൂര്‍ സ്വദേശിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍. സുപ്രധാന ചുമതലയിലിരുന്ന സുധീഷ്‌കുമാര്‍ ബോധപൂര്‍വ്വം ഈ വീഴ്ചകള്‍ വരുത്തിയത് തട്ടിപ്പിന് വേണ്ടിയെന്നാണ് എസ്‌ഐടിയുടെ നിലപാട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി സുധീഷ്‌കുമാറനെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമല ശ്രീകോവില്‍ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസില്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. ആദ്യത്തെ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ, 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കേസിലെ മറ്റൊരു പ്രതി മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.

