പത്തനംതിട്ട: പണം വാങ്ങി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി നൽകിയ ഹാക്കർ അറസ്റ്റിൽ. ഫോൺ കോളിന്റെ വിശദാംശങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, രഹസ്യ പാസ്‌വേഡുകൾ തുടങ്ങിയ വിവരങ്ങളാണ് ഇയാൾ പണം വാങ്ങി ചോർത്തി നൽകിയത്. അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി. ജോസിനെ (23) ആണ് കഴിഞ്ഞ ദിവസം പത്തനംതിട്ട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസി നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് നടപടി എന്നാണ് വിവരം.
സൈബർ സുരക്ഷയിൽ വിദ്യാഭ്യാസ യോഗ്യത നേടിയ ഇയാൾ ഹൈദരാബാദിലെ സ്വകാര്യ കുറ്റാന്വേഷണ ഏജൻസിയുമായി ചേർന്നാണ് ഹാക്കിങ്ങിലൂടെ സ്വകാര്യ വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് വിവരം. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകുകയും തുടർന്നു വിവരങ്ങൾ ആവശ്യപ്പെട്ട് എത്തുന്നവരിൽ നിന്നു പണം വാങ്ങിയാണ് വിവരങ്ങൾ ചോർത്തി നൽകിയത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും ഹൈദരാബാദിലെ സ്വകാര്യ കുറ്റാന്വേഷണ ഏജൻസിക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. ജോയലിന്റെ ലാപ്ടോപ് അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

