ന്യൂയോർക്ക്: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഇന്തോ-അമേരിക്കൻ മുസ്ലിം ന്യൂയോർക്ക് സിറ്റിയുടെ മേയറായി. മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനി വലിയ ജയമാണു കരസ്ഥമാക്കിയത്. സ്വതന്ത്രസ്ഥാനാർഥിയും മുൻ ഗവർണറുമായ ആൻഡ്രു ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി മംദാനി ന്യൂയോർക്ക് സിറ്റി മേയറാകുന്നത്.
34 കാരനായ മംദാനി, ന്യൂയോർക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും. മംദാനിയുടെ വിജയം പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി. മംദാനിക്കെതിരേ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പരസ്യമായി രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് ലോകശ്രദ്ധയാകർഷിച്ചിരുന്നു.
ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി. കടുത്ത എതിർപ്പുകൾക്കിടയിലും മംദാനി നേടിയ വിജയം, അമേരിക്കൻ രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന പുരോഗമനപരമായ ചിന്താഗതിയുടെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്. ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്.

