കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റുമായ തലച്ചിറ അസീസിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തതിനാണ് കോൺഗ്രസ് നേതാവിനെതിരെ പാർട്ടി നടപടിയെടുത്തത്.
തലച്ചിറയിൽ റോഡ് ഉദ്ഘാടനച്ചടങ്ങിനെ നടത്തിയ പ്രസംഗത്തിലാണ് കെ.ബി. ഗണേഷ്‌കുമാറിനെ വിജയിപ്പിക്കണമെന്ന് തലച്ചിറ അസീസ് പറഞ്ഞത്. കെ.ബി. ഗണേഷ്‌കുമാർ കായ്ഫലമുള്ള വൃക്ഷമാണ്, അദ്ദേഹത്തെ മഹാഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം. വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണം, ഗണേഷ്‌കുമാറിന്റെ വിജയത്തിന് താനും ഒപ്പമുണ്ട് -എന്നാണ് അദ്ദേഹം പറഞ്ഞത്.
പാർട്ടി നിർദേശം ലംഘിച്ച് വെട്ടിക്കവല പഞ്ചായത്തിൽ വികസനസദസ്സ് നടത്തിയത് ഇതോടെ വിവാദമായി. ഇതോടെ അസീസിനോട് പാർട്ടി വിശദീകരണം തേടി. എന്നാൽ, കൃത്യമായ വിശദീകരണം നൽകാൻ സാധിച്ചില്ലെന്ന് വിലയിരുത്തിയാണ് നടപടി. പാർട്ടിക്ക് ദോഷകരമായ പ്രവർത്തനങ്ങളിലേർപ്പെട്ടെന്നാരോപിച്ച് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദാണ് അസീസിനെതിരെ നടപടി സ്വീകരിച്ചത്.

