ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബു സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ജാമ്യപേക്ഷ പരിഗണിച്ചപ്പോൾ സർക്കാറിനെ പ്രതിനിധീകരിച്ച് ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ മൗനം പാലിച്ചു.
കേസില്‍ നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് കെ.കെ. രമ എം.എൽ.എയയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സര്‍ക്കാറിനെ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ജാമ്യത്തെ എതിര്‍ത്ത് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കെ.കെ. രമക്ക് സുപ്രീംകോടതി അനുമതി നല്‍കി. ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് കേസിലെ 12-ാം പ്രതിയായ ജ്യോതി ബാബു സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. വിചാരണ കോടതി ജ്യോതി ബാബുവിനെ വെറുതെ വിട്ടതാണെന്നും അഭിഭാഷകർ വാദിച്ചു.

