ഒഡീഷ: കോടതി മുറിയില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഒഡീഷയിലെ സംബല്‍പൂരിലാണ് സംഭവം . സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുംഭാറാണ് കോടതിക്കുള്ളിലുള്ള ആളുകളെ ഭീതിയിലാഴ്ത്തി അരുംകൊല നടത്തിയത്. ഭാര്യ സഞ്ജിതാ ചൗധരിയാണ്(18) രമേശിന്റെ ആക്രമണത്തില്‍ കൊലപ്പെട്ടത്.

രമേശ് നടത്തിയ ആക്രമണത്തില്‍ സഞ്ജിതയുടെ അമ്മയ്ക്കും ഇവരുടെ ബന്ധുവായ രണ്ടു വയസുള്ള കുട്ടിക്കും പരിക്കേറ്റു. പ്രതിയുടെ ആക്രമണത്തില്‍ നിന്നു സഞ്ജിതയുടെ അച്ഛന്‍ രക്ഷപ്പെട്ടു.

പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. രമേശ് തന്നെ ഉപദ്രവിക്കുന്നതായി ആരോപിച്ച് സഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങി പോയിരുന്നു. പിന്നീട് സഞ്ജിതയെ തന്റെ കൂടെ വിടണമെന്ന് ആവശ്യപ്പെട്ട് രമേശ് കോടതിയെ സമീപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് അനുരഞ്ജന ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് സഞ്ജിത മാതാപിതാക്കളുടെ കൂടെ കോടതിയിലെത്തിയത്.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സഞ്ജിതയെ പ്രതി പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സഞ്ജിതയുടെ അച്ഛനെ ആക്രമിക്കാനും പ്രതി ശ്രമിച്ചു. പക്ഷേ സമീപത്തുള്ള മുറിയില്‍ കയറിയ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

സംഭവം കണ്ട ആളുകള്‍ ഇടപ്പെട്ടാണ് രമേശിനെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സഞ്ജിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *