ശബരിമലയിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി, ദർശനം കിട്ടാതെ ആയിരങ്ങൾ;  ഭക്തർ കുഴഞ്ഞുവീണു, കാഴ്ചക്കാരായി പോലീസ്

ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച ദര്‍ശനം ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടി. കുടിവെള്ളം പോലും കിട്ടാതായതോടെ ചില ഭക്തർ കുഴഞ്ഞുവീണു.

തീർഥാടകർ ബാരിക്കേഡിനു പുറത്തിറങ്ങി സന്നിധാനത്തേക്ക് ഒഴുകിയത് ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് കാഴ്ചക്കാരായി മാറി. സന്നിധാനത്ത് തിക്കിലും തിരക്കിലും അപകടം ഉണ്ടാകാവുന്ന അവസ്ഥയാണ്. തിരക്ക് നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ എഡിജിപി എസ്. ശ്രീജിത്തിനു കത്ത് നൽകി. സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസറെ അദ്ദേഹം വിളിച്ചു വരുത്തി.

തിക്കിലും തിരക്കിലും തീർഥാടകർ വലയുകയാണ്. കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെയാണ് ദുരിതം. തീർഥാടന ഒരുക്കങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും പൊലീസും കാട്ടിയ അനാസ്ഥയാണ് തീർഥാടനം കുളമാക്കിയത് എന്നാണ് ആക്ഷേപം. ദർശനം നടത്താൻ കഴിയാതെ ആയിരങ്ങളാണ് മലയിറങ്ങുന്നത്. വെയിലേറ്റ് വലയുന്നവരിൽ കുട്ടികൾ അടക്കമുണ്ട്.

ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂറിലധിം നീളുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്കു കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ഉണ്ടാകേണ്ട ക്രമീകരണം നിലയ്ക്കൽ മുതൽ ആരംഭിക്കാനാണ് നീക്കം.

ശബരിമലയില്‍ ആവശ്യത്തിന് പോലീസിനെ നിയമിച്ചിട്ടുണ്ടെന്ന് എഡിജിപി എസ്. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യം നിലവിലില്ല. ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തൊഴാന്‍ അവസരമുണ്ടെന്നും ദയവുചെയ്ത് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തിരക്ക് നിയന്ത്രിക്കാനായി നിലവില്‍ നിലയ്ക്കലില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *