‘ക്ഷണം ലഭിച്ച് വന്നവരെ ഇങ്ങനെ അപമാനിക്കുന്നത് മോശം; ഗൃഹപ്രവേശന ചടങ്ങിലേക്ക് വിളിക്കുകയും പിന്നീട് ആദിലയെയും നൂറയെയും അപമാനിച്ച് പോസ്റ്റ് ഇടുകയും ചെയ്ത മലബാർ ഗോൾഡ് ഫൈസലിന്  സോഷ്യൽ മീഡിയയിൽ വിമർശനം

കുറച്ച് ദിവസം മുമ്പ് വളരെ വലിയ ആഘോഷമായാണ് മലബാർ ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ (FIZAL AK MALABAR GOLD) ഫൈസൽ എകെ മലബാറിന്റെ ​ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ബോളിവുഡിൽ നിന്ന് അർജുൻ കപൂർ മുതലുള്ള താരങ്ങൾ ക്ഷണം സ്വീകരിച്ച് ഫങ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും പങ്കെടുത്ത പരിപാടിയിലേക്ക് ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികൾക്കും ക്ഷണം ഉണ്ടായിരുന്നു.

മലബാറിന്റെ ഗൃഹപ്രവേശന ചടങ്ങിലും ആദിലയും നൂറയും എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ അതിന് ശേഷം ഇരുവരേയും അപമാനിച്ച് കൊണ്ട് ഫൈസൽ എകെ രംഗത്ത് വന്നത് വിവാദമായിരിക്കുകയാണ്.പരിപാടിയുടെ വീഡിയോകൾ വൈറലായപ്പോൾ ഏറ്റവും കൂടുതൽ വിമർശനം ഫൈസലിന് നേരെ ഉയർന്നത് ആദിലയേയും നൂറയേയും ഫങ്ഷന് ക്ഷണിച്ചുവെന്നതിന്റെ പേരിലാണ്. ഒരു വിഭാ​ഗം ആളുകളാണ് ഫൈസലിനെ വിമർശിച്ചത്.

ആദിലയും നൂറയും പങ്കെടുക്കുന്നത് സംബന്ധിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും സമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും ജീവിക്കുന്നവരെ സ്വീകരിച്ചതിന് ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാണ് ഫൈസൽ എകെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. പിന്നീട് ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഫൈസൽ എകെയ്ക്ക് എതിരെ രൂക്ഷ വിമർശനം ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

വിളിക്കാതെയല്ല ആദിലയും നൂറയും അവിടെ പോയതെന്നും ക്ഷണിച്ച് വരുത്തിയ ശേഷം ഇത്തരത്തിൽ അപമാനിക്കുന്നത് വളരെ മോശം ആണെന്നും അവരോട് വിയോജിപ്പ് ഉണ്ടെങ്കിൽ ക്ഷണിക്കാതിരിക്കാമായിരുന്നുവെന്നും പ്രതികരണങ്ങൾ ഉയരുന്നു

ഫൈസലിന്‍റെ പോസ്റ്റിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. സമൂഹം ചേര്‍ത്ത് നിര്‍ത്തിയ രണ്ട് വ്യക്തികളെ ഇങ്ങനെ അപമാനിക്കരുതെന്ന് ചൂണ്ടി കാട്ടി നിരവധി പേർ രംഗത്തെത്തി. പിന്നാലെ ഫൈസൽ പോസ്റ്റ് പിൻവലിച്ചു.

Adhila Noora AK Faisal

ഫൈസൽ എകെയെ വിമർശിച്ച് മുൻ ബിഗ് ബോസ് താരവും ആദില-നൂറയുടെ സുഹൃത്തുക്കളുമായ ദിയ സന, റെസ്മിൻ ഭായ് അടക്കമുളളവർ രംഗത്ത് വന്നിട്ടുണ്ട്. ദിയ സനയുടെ പ്രതികരണം ഇങ്ങനെ: ” വലിയ വലിയ നന്മകൾ ചെയ്യുന്ന മനുഷ്യനല്ലേ.. വിളിച്ചു വരുത്തി നല്ലോണം ട്രീറ്റ്‌ ചെയ്തിട്ട് മതവും കൂട്ടരും കൂടെ ചോദ്യം ഉന്നയിച്ചപ്പോ തള്ളിപ്പറയാൻ കാണിച്ച അന്തസ് നല്ലതാണ് ഫൈസൽക.. ഇതുവരെയും ആദിലയും നൂറയും ഇവിടെ ജീവിച്ചു ഇനിയും അവർ ജീവിക്കും.. അവർക്കൊപ്പം നിൽക്കുന്നവർ അവരുടെ കൂടെ തന്നെയുണ്ട്..”

റെസ്മിൻ ഭായുടെ പ്രതികരണം: ” വളരെ സങ്കടകരമായ കാര്യമാണ് രാവിലെ തന്നെ കണ്ടത്. കഴിഞ്ഞ ദിവസം ഞാന്‍, ബിഗ് ബോസിലെ നോറ, ആദില, നൂറ എന്നിവര്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഫൈസലിക്കയുടെ ഹൗസ് വാമിംഗിന് പോയിരുന്നു. ഞങ്ങളെ ഇങ്ങോട്ട് വിളിച്ച് ക്ഷണിച്ചിട്ടാണ് പോയത്. എല്ലാ മേഖലയില്‍ നിന്നുളള ആളുകളും വന്നിട്ടുണ്ടായിരുന്നു.

ഞങ്ങളെ നല്ല രീതിയില്‍ തന്നെയായിരുന്നു ട്രീറ്റ് ചെയ്തത്. എല്ലായിടത്തും കൊണ്ട് പോയി കാണിച്ച് തരാന്‍ കൂടെ ഒരാളൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് രാവിലെ ഫൈസലിക്കയുടെ ഒരു എഫ്ബി പോസ്റ്റ് കണ്ടു. വീട്ടില്‍ വിളിച്ച് വരുത്തിയിട്ട് എന്റെ സുഹൃത്തുക്കളെ അപമാനിച്ചിരിക്കുകയാണ്. മനുഷ്യനെ മനുഷ്യനായി കാണാന്‍ പറ്റാത്ത ആളുകള്‍ ഇപ്പോഴും ഉണ്ട് എന്ന് അറിയുമ്പോള്‍ ഭയങ്കര സങ്കടം.

ഒരിക്കലും ഫൈസലിക്കയുടെ അടുത്ത് നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ഒരുപാട് സ്‌നേഹവും ബഹുമാനവും ഉളള വ്യക്തി ആയിരുന്നു. ഈയൊരു പോസ്റ്റ് കണ്ടതോട് കൂടി എല്ലാം പോയി. ആദിലയും നൂറയും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈയൊരു പൊസിഷന്‍ വരെ എത്തിയത്. നിങ്ങളാണ് അവരെ ക്ഷണിച്ചത്. എന്റെയടുത്ത് നിന്നാണ് അവരുടെ നമ്പര്‍ വാങ്ങി കോണ്‍ടാക്ട് ചെയ്തത്. എന്നിട്ട് എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്.

സമൂഹത്തില്‍ അംഗീകരിക്കുന്നില്ല, വീട്ടുകാരെ ബുദ്ധിമുട്ടിച്ചു എന്നൊക്കെ പറയുന്നു. പിന്നെ അവര്‍ എന്താണ് ചെയ്യേണ്ടത്. വീട്ടുകാര്‍ അവരെ അംഗീകരിക്കുന്നില്ല. എന്നും പറഞ്ഞ് അവര്‍ പോയി മരിക്കണോ. സ്വന്തം മക്കളെ കൊല്ലാന്‍ മടിക്കാത്ത വീട്ടുകാരാണ് അവരുടേത്. അങ്ങനെയുളള വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുക എന്നതല്ലാതെ അവിടെ തന്നെ അടിമകളെ പോലെ അവര്‍ പറയുന്നതും അനുസരിച്ച്, താല്‍പര്യം ഇല്ലാത്ത കല്യാണം കഴിച്ച് രണ്ട് പേരുടേയും ജീവിതം തൊലച്ച് നടക്കണോ. എനിക്കത് മനസ്സിലാകുന്നില്ല. നിങ്ങളെ തിരുത്താനോ പറഞ്ഞ് മനസ്സിലാക്കാനോ ഞാന്‍ ആളല്ല. പക്ഷേ മനുഷ്യനെ മനുഷ്യനായി കണ്ടാല്‍ അത്രയും നല്ലത്”.

Leave a Reply

Your email address will not be published. Required fields are marked *