ഇംഫാൽ: വംശീയ സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ, സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കുന്നതിൻ്റെ വെല്ലുവിളികളെക്കുറിച്ച് ഓർമ്മിപ്പിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. നാശനഷ്ടങ്ങൾ ഉണ്ടാകാൻ നിമിഷങ്ങൾ മതിയെന്നും എന്നാൽ സൗഹൃദം വീണ്ടെടുത്ത് ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് വർഷങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി മണിപ്പൂരിൽ എത്തിയ അദ്ദേഹം, വിശിഷ്ട വ്യക്തികളെയും സിവിൽ സൊസൈറ്റി അംഗങ്ങളെയും സംഘ് വളണ്ടിയർമാരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ നിർണ്ണായക പരാമർശം നടത്തിയത്.
പുറമേക്ക് കാര്യങ്ങൾ ശാന്തമായി തോന്നുമെങ്കിലും, മനസ്സുകളിൽ വിശ്വാസവും ആന്തരിക സമാധാനവും പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്നും ഭഗവത് കൂട്ടിച്ചേർത്തു. വംശീയത, ജാതി, മതം എന്നിവ പരിഗണിക്കാതെ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നവരോടൊപ്പം പ്രവർത്തിക്കാൻ സംഘ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിച്ച ഭഗവത്, സമാധാനം തിരികെ കൊണ്ടുവരാനുള്ള സാമൂഹിക ശ്രമങ്ങൾ തുടരുന്നുണ്ടെന്ന് പറഞ്ഞു.
“നാശം രണ്ട് മിനിറ്റിന്റെ കാര്യമാണ്, പക്ഷേ നിർമ്മാണത്തിന് രണ്ട് വർഷമെടുക്കും. മനസ്സുകളുടെ സൗഹൃദത്തിന് സമയമെടുക്കും. ഞങ്ങൾ അതിൽ പ്രവർത്തിക്കുന്നു.”
വംശീയത, ജാതി, മതം എന്നിവ പരിഗണിക്കാതെ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നവരോടൊപ്പം പ്രവർത്തിക്കാൻ ആർഎസ്എസ് തയ്യാറാണ്. ഭൗതികമായോ ബാഹ്യമായോ ഉള്ള സമാധാനം പെട്ടെന്ന് വന്നേക്കാം, പക്ഷേ ആന്തരിക സമാധാനവും ധാരണയും പുനഃസ്ഥാപിക്കാൻ സമയം ആവശ്യമാണ്.’സർക്കാരിൻ്റെ ശക്തിയിൽ അല്ല, നിങ്ങളുടെ പ്രതിബദ്ധതയിലാണ് സംഘം നിലകൊള്ളുന്നത്’ – ഭഗവത് സദസ്സിനോട് സംസാരിച്ചു.

