വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിൽ 19-കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. യുപിയിൽ ലക്നൗവിലെ മോഹൻലാൽഗഞ്ചിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.
വീട്ടിനുള്ളിലാണ് പെൺകുട്ടിയെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിയാൻഷിയാണ് മരണപ്പെട്ടത്. പെൺകുട്ടിയെ കാണാൻ ഇയാൾ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് വീട്ടിനുള്ളിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ബന്ധത്തിൽ നിന്ന് പിന്മാറിയതിനെ ചൊല്ലി ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് പ്രകോപിതനായ യുവാവ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെൺകുട്ടിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടത്തിയതിന് പിന്നാലെ യുവാവ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഇയാളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

