മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കാനുള്ള യുഡിഎഫ് നീക്കത്തില്‍ സമസ്തക്കുള്ളില്‍ വിമര്‍ശനം ശക്തമാണ്. ഉമര്‍ ഫൈസി മുക്കം നേരത്തെ ഇക്കാര്യത്തില്‍ മുന്നറിയിപ്പു നല്‍കി രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ഹമീദ് ഫൈസി അമ്പലക്കടവും ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തി.
‘ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ലെന്നു ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവര്‍ സ്വീകരിക്കുമെന്നും സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയോട് സഹകരിക്കുകയോ വോട്ട് രേഖപ്പെടുത്തുകയോ ചെയ്താല്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുകയും ബഹുദൈവ വിശ്വാസിയായിത്തീരുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമി അതേ ഭരണ വ്യവസ്ഥിതിയില്‍ പങ്കാളികളാവാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഗുരുതരമായി കാണേണ്ടിയിരിക്കുന്നുവെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ കുറിച്ചു.
സുന്നികള്‍ ഭൂരിപക്ഷമുള്ള ഒരു മഹല്ലില്‍ ജമാഅത്തെക്കാര്‍ കയറിയാല്‍ മഹല്ലും വാര്‍ഡും അവര് സ്വന്തമാക്കുമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് കുറിച്ചു. മത നവീകരണ വാദികളുമായി അകലം പാലിക്കണമെന്ന സമസ്തയുടെ പ്രഖ്യാപിത നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. ജമാഅത്ത്-ബ്രദര്‍ഹുഡ് ആശയങ്ങള്‍ക്ക് മുസ്ലീങ്ങളില്‍ സ്വാധീനം ചെലുത്താന്‍ വഴിയൊരുക്കി കൊടുക്കലായിരിക്കും ഇത് എന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

