ഭീതിയുടെ നിഴലിലാണ് ഗുജറാത്തിലെ ഗ്രാമങ്ങൾ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ രണ്ട് പിഞ്ചുബാലികമാരാണ് കൊല്ലപ്പെട്ടത്. അമ്രേലി ജില്ലയിൽ അമ്മ പാചകം ചെയ്യുന്നതിനിടെ കളിച്ച് കൊണ്ടിരുന്ന ഒരു വയസ്സുകാരിയെ പുള്ളിപ്പുലി റാഞ്ചി കൊണ്ടുപോയ ദാരുണ സംഭവമാണ് ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വന്യമൃഗങ്ങളുടെ കടന്നുകയറ്റം വർധിച്ചതോടെ അമ്രേലി ജില്ലയിലെ ട്രാംബക്പൂർ ഗ്രാമവാസികൾ കടുത്ത ആശങ്കയിലാണ്.
അമ്രേലി ജില്ലയിലാണ് ഒരു വയസ്സുള്ള പെൺകുഞ്ഞിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. സംസ്ഥാന വനം വകുപ്പിന്റെ ദാൽഖാനിയ റേഞ്ചിൽ നിന്നുള്ള പ്രസ്താവന പ്രകാരം, കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂർ ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം നടന്നത്. മധ്യപ്രദേശ് സ്വദേശിയായ അർജുൻ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്. കർഷകത്തൊഴിലാളിയായി ജോലി ചെയ്യുന്ന അർജുൻ നിനാമ താമസിക്കുന്ന ട്രാംബക്പൂർ ഗ്രാമത്തിലെ വീടിനടുത്ത് വെച്ചാണ് ആക്രമണം നടന്നത്.
സംഭവസമയത്ത്, കുഞ്ഞ് വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികിലായി ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് പുള്ളിപ്പുലി എത്തി കുട്ടിയെ വലിച്ചിഴച്ചുകൊണ്ട് പോയത്. കൺമുന്നിൽ നിന്ന് കുഞ്ഞിനെ മൃഗം റാഞ്ചുന്നത് കണ്ട് ഭയന്നുപോയ അമ്മ, ഉടൻ തന്നെ മൃഗത്തെ ഓടിക്കാൻ ശ്രമിച്ചു.
ഒരു പാത്രം കൊണ്ട് അമ്മ പുള്ളിപ്പുലിയെ അടിക്കുകയും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു, എന്നാൽ ഈ ശ്രമങ്ങളെല്ലാം വെറുതെയായി. അമ്രേലി വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത്. വിവരം ലഭിച്ചതിനെത്തുടർന്ന് വനം, പോലീസ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ പുള്ളിപ്പുലിയെ എത്രയും പെട്ടെന്ന് കുടുക്കാനായി ദാൽഖാനിയ റേഞ്ച് പ്രദേശത്ത് ഏഴ് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് വനംവകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
ഈ ദാരുണ സംഭവത്തിന് പുറമെ, ബുധനാഴ്ചയും സമാനമായ മറ്റൊരു ആക്രമണം ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഗിർ സോമനാഥ് ജില്ലയിലെ ഗിർ ഗധാഡ താലൂക്കിൽ വെച്ച് രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയെ ഒരു സിംഹം ആക്രമിക്കുകയും കൊല്ലുകയും ചെയ്തു.

