തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ താന്‍ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. 2024 ഓഗസ്റ്റ് 22നാണ് തന്റെ വിവാഹം നടന്നതെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരുമാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. വിവാഹിതയായിരിക്കെ രാഹുലുമായി ബന്ധമുണ്ടാക്കിയെന്ന തരത്തിലുള്ള ചില പ്രചാരണങ്ങള്‍ക്കിടെയാണ് യുവതിയുടെ മൊഴി.
യുവതി വിവാഹിതയാണെന്ന് അറിഞ്ഞാണ് അടുപ്പം തുടങ്ങിയതും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജിയില്‍ സമ്മതിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഗാര്‍ഹികപീഡനത്തിന് ഇരയാക്കുന്നുവെന്നു യുവതി പറഞ്ഞുവെന്നും ഇതേത്തുടര്‍ന്നുണ്ടായ അനുകമ്പയാണ് സൗഹൃദമായി വളര്‍ന്നതെന്നും രാഹുല്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
അതേസമയം, യുവതി ഭര്‍ത്താവിനൊപ്പമായിരുന്നു താമസമെന്നും ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നും രാഹുല്‍ പറഞ്ഞു. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയിട്ടില്ലെന്നും യുവതി സ്വമേധയാ ആണ് ഗുളിക കഴിച്ചതെന്നുമാണ് രാഹുലിന്റെ വാദം. തന്റെ പ്രതിഛായ നശിപ്പിക്കാന്‍ വേണ്ടി യുവതി ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടുകയായിരുന്നുവെന്നും രാഹുല്‍ ആരോപിക്കുന്നു. യുവതിയെ ഗര്‍ഭധാരണത്തിനു നിര്‍ബന്ധിക്കുന്നതിന്റെയും ഗര്‍ഭഛിദ്രത്തിനു വേണ്ടി ആശുപത്രിയില്‍ പോകാന്‍ പ്രേരിപ്പിക്കുന്നതിന്റെയും വിവരങ്ങളാണ് പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലും ചാറ്റിലും ഉണ്ടായിരുന്നത്.
രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ച തീയതികള്‍ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങളാണ് യുവതി പൊലീസിനു നല്‍കിയ 20 പേജ് മൊഴിയിലുള്ളത്. തിരുവനന്തപുരം തൃക്കണ്ണാപുരത്ത് യുവതി വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിലും പാലക്കാട്ടുള്ള രാഹുലിന്റെ ഫ്ലാറ്റിലും വച്ചായിരുന്നു പീഡനം. 2025 മാര്‍ച്ച് നാലിനും ഏപ്രില്‍ 22 നും തൃക്കണ്ണാപുരത്തെ ഫ്ലാറ്റില്‍ വച്ചു പീഡിപ്പിച്ചു. മാര്‍ച്ച് 17നു ഫ്ലാറ്റിലെത്തിയ രാഹുല്‍ മൊബൈല്‍ ഫോണില്‍ തന്റെ നഗ്‌ന ദൃശ്യങ്ങളെടുത്തു. ബന്ധത്തെക്കുറിച്ചുള്ള വിവരം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും ഏപ്രില്‍ 22നു പീഡിപ്പിക്കുകയായിരുന്നു. മേയ് അവസാനം രാഹുലിന്റെ പാലക്കാട്ടുള്ള ഫ്ലാറ്റില്‍ വച്ച് 2 തവണ പീഡിപ്പിച്ചു.
മേയ് 30നു രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് തന്നെ കാണാനെത്തി. കൈമനത്തു വച്ച് ജോബിയുടെ കാറില്‍ താന്‍ കയറി. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് ജോബിയുടെ പക്കലുണ്ടായിരുന്നു. ഈ സമയം വിഡിയോ കോളിലൂടെ തന്നെ വിളിച്ച രാഹുല്‍, മരുന്ന് കഴിക്കാന്‍ ആവശ്യപ്പെട്ടു. വീട്ടില്‍ ചെന്ന് കഴിക്കാമെന്നു പറഞ്ഞെങ്കിലും രാഹുല്‍ സമ്മതിച്ചില്ലെന്നും കാറില്‍ വച്ചു ഗുളിക കഴിപ്പിച്ചുവെന്നും മൊഴിയിലുണ്ട്. വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയാണു പൊലീസ് മൊഴി രേഖപ്പെടുത്തിയത്. രാഹുലുമായുള്ള ഫോണ്‍ ശബ്ദരേഖയും ചാറ്റുകളും തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകളും യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.
ലൈംഗിക പീഡന പരാതിയില്‍ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ക്കു കേസെടുത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്കു കടന്നിരിക്കുകയാണ് പൊലീസ്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്നതടക്കം 7 വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. രാഹുല്‍ വിദേശത്തേക്കു കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പൊലീസ് തിരച്ചില്‍ നോട്ടിസ് കൈമാറി.

