രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. പീഡനക്കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ അറിയിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയെന്നാണ് കെപിസിസി അധ്യക്ഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

യുവതിയെ പീഡിപ്പിച്ചതിനും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനുമാണ് രാഹുലിനെതിരേ പോലീസ് കേസെടുത്തിരുന്നത്. യുവതി നേരിട്ട് പരാതി നല്‍കുകയും മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയും ചെയ്തതോടെ രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. കെ. മുരളീധരനടക്കമുള്ള പല നേതാക്കളും കഴിഞ്ഞദിവസങ്ങളില്‍ രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ വിഷയം കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കി. ഇതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാമെന്ന തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുലിനെ പുറത്താക്കിയുള്ള അറിയിപ്പും വന്നു.

Leave a Reply

Your email address will not be published. Required fields are marked *