രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും ഒഴിയണമെന്ന ആവശ്യം ശക്തം;രാഹുലിനായി പരിശോധന ശക്തം

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഇരട്ട പ്രഹരം. രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി കൊണ്ടുള്ള സർക്കൂലർ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പുറത്തിറക്കിയത്.

നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെപിസിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.എഐസിസിയുടെ അനുവാദത്തോടെയാണ് പാർട്ടി നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.

നേരത്തെ, രാഹുൽ മാങ്കൂട്ടത്തലിനെ പുറത്താക്കണമെന്ന് വ്യാപകമായി ആവശ്യം ഉയർന്നിരുന്നെങ്കിലും കോടതി വിധിയ്ക്ക് ശേഷം നടപടിയെന്നതായിരുന്നു കെപിസിസി തീരുമാനം. കോടതി വിധി രാഹുലിന് പ്രതികൂലമായതോടെയാണ് കെപിസിസിയുടെ അടിയന്തര നടപടി. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ രാഹുലിനെതിരെ നടപടി വേണമെന്നാവശ്യത്തിലായിരുന്നു.

എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് കെപിസിസി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളെ അറിയിക്കുവേയാണ് കെപിസിസി പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

രാഹുൽ എംഎൽഎ സ്ഥാനം ഒഴിയാൻ ആവശ്യപ്പെടണമെന്ന് കാട്ടി എഐസിസിക്ക് മുതിർന്ന കോൺഗ്രസ് നേതാക്കൾ കത്തയ്ച്ചിട്ടുണ്ട്. രാഹുൽ സ്വയം എംഎൽഎ സ്ഥാനം ഒഴിയണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ആവശ്യപ്പെട്ടു. കോൺഗ്രസ് പൂർണമായി കൈവിട്ടതോടെ വരും ദിവസങ്ങളിൽ രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കുമെന്നാണ് വിവരം.

രാഹുലിനായി പരിശോധന ശക്തം

ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തലിനെ കണ്ടെത്താൻ പോലീസ് പരിശോധന ശക്തമാക്കി. നേരത്തെ രാഹുലിനെ സംസ്ഥാനത്ത് നിന്ന് പുറത്തുകടക്കാൻ സഹായിച്ച ഡ്രൈവറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, രാഹുൽ കീഴടങ്ങാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോൾ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി ഇന്നുണ്ടായത്.  ഇന്നലെയും ഇന്നും രാഹുലിൻറെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിൻറെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂർ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂർത്തിയാക്കിയത്.

രാഹുലിൻറെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിൻറെ വാദം തള്ളികൊണ്ടാണിപ്പോൾ മുൻകൂർ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരായ വിശദാംശങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രോസിക്യൂഷൻ വാദങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *