ബലാൽസംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഹര്‍ജി ഇനി 15 ന് പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടി . വിശദവാദം കേള്‍ക്കണമെന്നും ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
നിരപരാധിയെന്നും, ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹർജിയിലെ പ്രധാനവാദം. ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധം. സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗർഭഛിദ്രം നടത്തിയത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത്. എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയാറാണ്. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിലെ രേഖകള്‍ തനിക്ക് ലഭ്യമാക്കിയിട്ടില്ല. തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണം. വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയാറാണെന്നും രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.
കോടതി ചേർന്നയുടൻ രാഹുലിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിന്റെ കാര്യം ജസ്റ്റിസ് കെ.ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ തങ്ങൾക്ക് ബോധിപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് കേസിൽ വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കേസ് 15ന് പരിഗണിക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിക്കുകയും ചെയ്തു.

