പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫ്ലാറ്റ് ഒഴിയണമെന്ന് താമസക്കാരുടെ അസോസിയേഷൻ. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് കാട്ടി രാഹുലിന് നോട്ടിസ് നൽകി. രാഹുലിന്റെ കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഫ്ലാറ്റിലെ താമസക്കാർ പറയുന്നു.
ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽപോയ രാഹുൽ കഴിഞ്ഞ ദിവസം വോട്ടു ചെയ്യാനായി പാലക്കാട് എത്തിയിരുന്നു. ഇന്ന് രാവിലെ എംഎൽഎ ഓഫിസിലെത്തുമെന്നാണ് വിവരം. ഹോംസ്റ്റേയിൽ പീഡിപ്പിച്ചെന്നാരോപിച്ചുള്ള കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കു പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.നസീറ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടർന്നാണ് രാഹുൽ ഒളിവു ജീവിതം അവസാനിപ്പിച്ച് വോട്ടു ചെയ്യാനെത്തിയത്. 3 മാസത്തേക്ക് ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ അന്വേഷണസംഘത്തിനു മുൻപിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ, എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും നിർദേശിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്. പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
