നടിയെ ആക്രമിച്ച കേസ്: ആറുപ്രതികൾക്കും 20 വർഷം കഠിന തടവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്. ബലാത്സംഗം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ (ഐപിസി 366), ക്രിമിനൽ ഗൂഢാലോചന (ഐപിസി 120 ബി), കൂട്ടബലാത്സംഗം ( ഐപിസി 376 ഡി) എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞിരുന്നു.
എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ. പി.ഗോപാലകൃഷ്ണൻ (ദിലീപ്), ചാർലി തോമസ്, സനിൽ കുമാർ, ജി.ശരത്ത് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

