‘ദിലീപിനെ കുറിച്ച് പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും’; ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍

തിരുവനന്തപുരം: ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണി കോള്‍ ലഭിച്ചുവെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തിലാണ് ഫോണ്‍ കോള്‍ എന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഉച്ചയ്ക്ക് പന്ത്രണ്ടരോടെയാണ് കടുത്ത തെറിവിളികളോടെ ഫോള്‍ കോള്‍ ലഭിച്ചതെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു. ഫോണ്‍ കോള്‍ വന്ന മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കിയതായും ഭാഗ്യലക്ഷ്മി അറിയിച്ചു.

വിദേശ നമ്പറില്‍ നിന്നാണ് ഫോണ്‍ കോള്‍ ലഭിച്ചത്. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളികളോടെയാണ് ഫോണ്‍ കോള്‍ ആരംഭിച്ചത്. ദീലീപേട്ടനെ കുറിച്ച് പറയുമോടീ എന്നായിരുന്നു വിളിച്ചയാള്‍ ചോദിച്ചത്. ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും എന്നായിരുന്നു ഭീഷണി. 19 സെക്കന്റുകള്‍ മാത്രമായിരുന്നു ഫോണ്‍ കോള്‍ നീണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ദിലീപ് ആയിരിക്കും എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. ഇപ്പോള്‍ നടക്കുന്നത് സൈബര്‍ ക്വട്ടേഷനാണെന്ന ആക്ഷേപവും ഭാഗ്യലക്ഷ്മി ഉന്നയിച്ചു. നടിയെ ആക്രമിച്ച കേസില്‍ വിധി വന്ന ശേഷം സിനിമ മേഖലയില്‍ നിന്നും ശക്തമായി പ്രതികരിച്ച വ്യക്തി താന്‍ മാത്രമാണ്. ഇതായിരിക്കാം ഭീഷണിയുടെ കാരണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാടുമായി നിരന്തരം രംഗത്തെത്തിയ വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി. ദിലിപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് ശേഷവും ഭാഗ്യലക്ഷ്മി വിമര്‍ശനം തുടര്‍ന്നിരുന്നു. ദീലീപ് നായകനായി കഴിഞ്ഞ ദിവസം തീയറ്ററിലെത്തിയ സിനിമയ്ക്ക് എതിരെയും ഭാഗ്യലക്ഷ്മി രൂക്ഷമായ വിമര്‍ശനം ആണ് ഉയര്‍ത്തിയത്.

പണമിറക്കിയിട്ടും പിആര്‍ വര്‍ക്ക് നടത്തിയിട്ടും ദിലീപ് സിനിമകളെ രക്ഷിപ്പെടുത്താനായില്ലല്ലോ എന്ന ചോദ്യം ഉള്‍പ്പെടെ ഉയര്‍ത്തിയായിരുന്നു ഭാഗ്യലക്ഷ്മി സിനിമയ്ക്ക് എതിരെ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. അതിജീവിതയുടെ സിനിമ ആരൊക്കെ കാണും എന്ന് ചോദിക്കുവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി. ജനങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നത് നടിയായതു കൊണ്ടല്ല, സ്ത്രീ ആയതിനാലാണ്. അവള്‍ക്ക് സംഭവിച്ചത് മറ്റൊരു പെണ്‍കുട്ടിയ്ക്കും സംഭവിക്കാതിരിക്കാനാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *