അബുജ: നൈജീരിയയിലെ ബോർണോയിൽ തിരക്കേറിയ പള്ളിയിലുണ്ടായ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൈഡുഗുരിയിലെ ഗാംബോറു മാർക്കറ്റിന് സമീപമുള്ള മുസ്ലീം പള്ളിയിലാണ് ബുധനാഴ്ച വൈകുന്നേരം സ്ഫോടനം നടന്നത്. സന്ധ്യാ നിസ്കാരത്തിനായി വിശ്വാസികൾ മസ്ജിദിലെത്തിയ സമയത്തായിരുന്നു ആക്രമണം.
നമസ്കാരത്തിനിടെ പള്ളിയുടെ ഉള്ളിൽ വെച്ചിരുന്ന ബോംബാണ് പ്രാർഥനയ്‌ക്കിടയിൽ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചാവേറാക്രമണമാണോ നടന്നതെന്നും സംശയമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധനകൾ നടത്തി വരികയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പോലീസ് വക്താവ് നഹും ദാസോയാണ് മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും പുറത്തുവിട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

