തൃശൂരിൽ കോൺഗ്രസ് നേതാക്കൾ പണം വാങ്ങി മേയർ പദവി വിറ്റതായി ലാലി ജെയിംസ് ; തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി

മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ തൃശൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി. ഡോക്ടർ നിജി ജസ്റ്റിനെ മേയറായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മേയർ സ്ഥാനാർത്ഥിയായി പാർട്ടിയുടെ പ്രഥമപരിഗണനയിലുണ്ടായിരുന്ന ലാലി ജയിംസാണ് പരസ്യ ആരോപണവുമായി രംഗത്തെത്തിയത്. പണം വാങ്ങി മേയർ പദവിയിൽ നിന്ന് തന്നെ തഴഞ്ഞെന്നാണ് അവർ ആരോപിക്കുന്നത്. ഇന്നുനടക്കുന്ന മേയർ തിരഞ്ഞെടുപ്പിനുള്ള പാർട്ടി വിപ്പ് സ്വീകരിക്കാനും അവർ തയ്യാറായില്ല.

നിജി ജസ്റ്റിൻ മേയർ ആയത് പണം നൽകിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ​ഗുരുതര വെളിപ്പെടുത്തലാണ് ലാലി ജെയിംസ് നടത്തിയത്. കെ സി വേണു​ഗോപാലിന്റെ ​ഗ്രൂപ്പിൽപ്പെട്ട തൃശ്ശൂർ ജില്ലയിലെ നേതാക്കൾക്കാണ് പണം നൽകിയതെന്നാണ് അഭ്യൂഹമെന്നും ലാലി ജെയിംസ് വെളിപ്പെടുത്തി.

നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടു. തന്നെ പാർട്ടി മേയർ സ്ഥാനത്ത് പരിഗണിക്കാത്തത് പണം നൽകാൻ ഇല്ലാത്തത് കൊണ്ടാണെന്നും ലാലി പറഞ്ഞു. വൈറ്റ് കോളറായി കടന്ന് വന്നതല്ലാതെ പാർട്ടിയുടെ ഒരു സമരമുഖങ്ങളിലും നിജി ജസ്റ്റിൻ ഉണ്ടായിരുന്നില്ല.

എന്റെ കൈയിൽ നൽകാൻ ചില്ലിക്കാശില്ല. പാർട്ടി ഫണ്ടോ മറ്റുകാര്യങ്ങളോ കൊടുക്കാൻ തയ്യാറുള്ള ഒരാളെ തിരഞ്ഞെടുത്തുവെന്ന് എനിക്ക് സംശയമുണ്ട്. പണവുമായി ഭാര്യയും ഭർത്താവും പോകുന്നുവെന്ന് പുറത്തുള്ളവർ പറഞ്ഞിരുന്നു. എനിക്കിപ്പോൾ സംശയമുണ്ട്. നിജി ജസ്റ്റിനെ പാർട്ടി പ്രവർത്തനങ്ങളിൽ കണ്ടിട്ടില്ല’- ലാലി പറഞ്ഞു. തനിക്കെതിരെ നടപടിയെടുത്താൽ എല്ലാം തുറന്നുപറയുമെന്നും ലാലി വ്യക്തമാക്കിയിട്ടുണ്ട്.
പ്രവര്‍ത്തനം മാത്രമാണ് എന്റെ മുഖമുദ്ര. പൊതുപ്രവര്‍ത്തന രംഗത്ത് ഇത്രനാളും പ്രവര്‍ത്തിച്ചത് പണം ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. പാർട്ടി തന്നെ തഴഞ്ഞതിൽ കടുത്ത വേദനയുണ്ടെന്നും ലാലി ജെയിംസ് പ്രതികരിച്ചു. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേര് പറഞ്ഞിട്ടും നേതാക്കൾ തഴയുകയായിരുന്നു. ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്‌ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാർട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് പറ‍ഞ്ഞു.
നിജി ഡോക്ടര്‍ തന്റെ പ്രൊഫഷനില്‍ നിന്നും കാശ് സമ്പാദിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി സമരരംഗത്ത് ഇറങ്ങി സാരി ചുളിയുകയോ, കൈ നനയുകയോ ചെയ്തതായി അറിയില്ല. ആ പദവിയുണ്ട്, ഈ പദവിയുണ്ട് എന്നൊക്കെ ആര്‍ക്കുവേണമെങ്കിലും എഴുതിപ്പിടിപ്പിക്കാവുന്നതാണ്. തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ച തേറമ്പില്‍ രാമകൃഷ്ണന്‍ അവസാന നിമിഷമാണ് പാര്‍ട്ടി തീരുമാനം അറിയുന്നത്. അദ്ദേഹം ആവശ്യപ്പെട്ടിട്ടു പോലും ഡിസിസി നേതൃത്വം നിലപാട് മാറ്റിയില്ലെന്നും ലാലി ജെയിംസ് ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *