തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനു കുരുക്കായി അന്നത്തെ ബോര്‍ഡ് അംഗം എന്‍. വിജയകുമാറിന്റെ മൊഴി. താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണ് വിജയകുമാർ മൊഴി നൽകിയത്. എസ്.ഐ.ടി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
‘‘സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്‍റ് പറയുന്നതായിരുന്നു രീതി. തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറിയാം. സ്വർണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോർഡിൽ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ ഒപ്പിട്ടു. പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞില്ല. സമ്മര്‍ദം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നി. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്’’-വിജയകുമാറിന്‍റെ മൊഴിയില്‍ പറയുന്നു.
എന്നാല്‍, തട്ടിപ്പില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന മട്ടിലുള്ള വിജയകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിൻ വിജയകുമാർ വീഴ്ച വരുത്തി. ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ പ്രതികൾക്ക് അന്യായലാഭം ഉണ്ടാക്കാൻ കൂട്ടുനിന്നു. ബോർഡിന് നഷ്‌ടമുണ്ടാക്കി- റിമാൻഡ് റിപ്പോർട്ടിൽ എസ്.ഐ.ടി പറയുന്നു. വിജയകുമാർ കട്ടിളപ്പാളി കേസിൽ 12ാം പ്രതിയും ദ്വാരപാലകശിൽപ കേസിൽ 15ാാം പ്രതിയുമാണ്.

