തൃശൂർ∙ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് സ്ഥലത്ത് വൻ തീപിടിത്തം. ഷെഡ് പൂർണമായി കത്തി. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തൊട്ടടുത്തുള്ള മരങ്ങളിലേക്കും തീപിടിച്ചു. രണ്ടാമത്തെ പ്ലാറ്റ്ഫോമിന് അടുത്തുള്ള ഷെഡാണ് കത്തിയത്. ആളപായമില്ല. പാർക്കിങ് കേന്ദ്രത്തിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു.
അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. അഞ്ഞൂറോളം ബൈക്കുകൾ ഷെഡിലുണ്ടായിരുന്നു. ഷെഡിലുണ്ടായിരുന്ന എല്ലാ ബൈക്കുകളും കത്തിയതായാണ് പ്രാഥമിക നിഗമനം. ആറരയോടെയാണ് പുക ഉയർന്നത്. ആദ്യം രണ്ട് ബൈക്കുകളാണ് കത്തിയത്. പിന്നീട് തീ പടർന്നു പിടിച്ചു.
‘‘ റെയിൽവേ ലൈനിന്റെ മുകളിൽനിന്ന് ബൈക്കിലേക്ക് തീ വീണു. ബൈക്കിന്റെ മുകളിൽ ഷീറ്റിട്ട് മൂടിയിരുന്നു. അതിനു മുകളിലേക്കാണ് തീ വീണത്. പെട്ടെന്ന് പുക ഉയർന്നു. ഞാൻ വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞില്ല. അതുവഴിപോയ യാത്രക്കാരെ സഹായത്തിനു വിളിച്ചു. അപ്പോഴേക്കും ബൈക്കിന്റെ ടാങ്ക് പൊട്ടി. തീ പടർന്നതോടെ ഞാൻ പുറത്തേക്ക് ഓടി. അഞ്ഞൂറോളം വണ്ടികൾ ഉണ്ടായിരുന്നു. ഞായറാഴ്ച ആയതിനാലാണ് വണ്ടികൾ കുറവ്. അല്ലെങ്കിൽ ആയിരത്തോളം വണ്ടികൾ ഉണ്ടാകും’’–പാർക്കിങ് കേന്ദ്രത്തിലെ ജീവനക്കാരിയായ മല്ലിക മാധ്യമങ്ങളോട് പറഞ്ഞു. ‘‘ സ്കൂട്ടർ പാർക്ക് ചെയ്തശേഷം ടിക്കറ്റ് എടുക്കാൻ പോയതാണ്. അപ്പോഴാണ് തീ പിടിച്ചത്. ബൈക്ക് എടുക്കാൻ ചെന്നപ്പോഴേക്കും തീ ആളിപ്പടർന്നു’’–യാത്രക്കാരിലൊരാൾ പ്രതികരിച്ചു.

