കൊച്ചി: ഒരു സ്ഥലത്ത് നടന്ന ഗതാഗത നിയമ ലംഘനത്തിന്‍റെ എ.ഐ കാമറ ഫോട്ടോ ഉപയോഗിച്ച് മറ്റൊരു നിയമ ലംഘനത്തിന് പിഴ ചുമത്തിയ നടപടി സിറ്റി ട്രാഫിക് പൊലീസ് റദ്ദാക്കി. ചെയ്യാത്ത തെറ്റിന് അനധികൃതമായി പിഴ ചുമത്തിയതിനെതിരെ പാലാരിവട്ടം സ്വദേശി നെറ്റോ നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ യുവാവിനോട് പൊലീസ് ഖേദം പ്രകടിപ്പിച്ചു.
ബുധനാഴ്ച 10.02ന് കലൂരിലെ സീബ്രാക്രോസിങിൽ നിയമം ലംഘിച്ചതിന് നെറ്റോക്ക് ഇ ചെലാൻ ലഭിച്ചിരുന്നു. എന്നാൽ 12.51ന് കച്ചേരിപ്പടിയിൽ സമാന കുറ്റത്തിന് രണ്ടാമത്തെ ഇ ചെലാൻ ലഭിച്ചു. അതിലും ആദ്യത്തെ ചെലാനിൽ നൽകിയ അതേ ഫോട്ടോ തന്നെയാണ് കാണിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കിയതോടെ നെറ്റോ കൊച്ചി സിറ്റി ട്രാഫിക്ക് വെസ്റ്റ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് പരാതി നൽകി.
രണ്ടാമത്തെ പിഴ ലഭിക്കുന്ന സമയത്ത് നെറ്റോ വാഹനം ഓടിക്കുകയായിരുന്നില്ലെന്നും എം.ജി റോഡിലെ മാളിൽ സിനിമ കാണുകയായിരുന്നുവെന്നും തെളിഞ്ഞു. ഇവിടുത്തെ സിനിമാടിക്കറ്റും പാർക്കിങ് രസീതും നെറ്റോ തെളിവായി ഹാജരാക്കി.

