‘ട്രംപ് മോദിയെ തട്ടിക്കൊണ്ടു പോകുമോ?’; പൃഥ്വിരാജ് ചവാന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനം

വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതുപോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡോണൾഡ് ട്രംപ് തട്ടിക്കൊണ്ടുപോകുമോയെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ ചവാന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്നിട്ടുണ്ട്.

ലാറ്റിനമേരിക്കൻ രാഷ്ട്രമായ വെനസ്വേലയിൽ യുഎസ് നടത്തിയ സൈനിക നടപടിയും, പിന്നാലെ പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്തതും പരാമർശിച്ചായിരുന്നു ചവാന്റെ ചോദ്യം. ‘‘വെനസ്വേലയിൽ നടന്നതു പോലെ എന്തെങ്കിലും ഇന്ത്യയിലും നടക്കുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് തട്ടിക്കൊണ്ടുപോകുമോ?’’ –ചവാൻ ചോദിച്ചു. ഇതോടെ, സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളുകളും വന്നു. രാജ്യത്തെ ആകെ അപമാനിക്കുന്നതാണ് പൃഥ്വിരാജ് ചവാന്റെ പ്രസ്താവന എന്നാണ് ജമ്മു കശ്മീരിലെ റിട്ട. ഡിജിപി ശേഷ് പോൾ വൈദ് പ്രതികരിച്ചത്. കോൺഗ്രസ് നേതാവ് പറഞ്ഞത് മണ്ടത്തരമാണെന്നും തലച്ചോറില്ലാത്ത പ്രസ്താവനയാണെന്നും മറ്റു പലരും വിമർശിച്ചു. ഇന്ത്യ പോലൊരു ആണവ ശക്തിയോട് യുഎസ് അങ്ങനെ ചെയ്യുമോയെന്ന് ചോദിക്കുന്നത് തന്നെ വിഡ്ഢിത്തമാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയ്ക്കു മേൽ യുഎസ് കനത്ത തീരുവകൾ ചുമത്തിയ സംഭവത്തിൽ മോദിയെ വിമർശിച്ചുകൊണ്ടായിരുന്നു ചവാന്റെ പ്രസ്താവന. ‘‘50 ശതമാനം തീരുവ ചുമത്തുമ്പോൾ എങ്ങനെ വ്യാപാരം നടക്കും? ഇന്ത്യയിൽ നിന്ന് യുഎസിലേയ്ക്കുള്ള കയറ്റുമതിയാണ് ഇതിലൂടെ തടയപ്പെടുന്നത്. നേരിട്ടുള്ള ഒരു നിരോധനം സാധ്യമല്ലാത്തതു കൊണ്ടാണ് തീരുവയെ ആയുധമാക്കി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയാണ് ഇത് സഹിക്കേണ്ടത്. ഇനി എന്താണ്? വെനസ്വേലയ്ക്കു നേരെ ചെയ്തത് ട്രംപ് ഇന്ത്യയുടെ നേർക്കും ചെയ്യുമോ? നമ്മുടെ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകുമോ?’’ –ചവാൻ ചോദിച്ചു.

പ്രസ്താവനയെ ബിജെപിയും രൂക്ഷമായി വിമർശിച്ചു. ‘‘കോൺഗ്രസ് ഓരോ ദിവസവും അങ്ങേയറ്റം താഴേക്ക് മുങ്ങുകയാണ്. ഇന്ത്യയെ വെനസ്വേലയുമായാണ് കോൺഗ്രസ് നേതാവ് താരതമ്യം ചെയ്തത്. ഇന്ത്യാവിരുദ്ധത വളർത്തുകയാണ്. രാഹുൽ ഗാന്ധി ഇന്ത്യയിൽ അരാജകത്വം ആഗ്രഹിക്കുന്നയാളാണ്. ഇന്ത്യയുടെ കാര്യങ്ങളിൽ വിദേശ ഇടപെടൽ ആഗ്രഹിക്കുന്നയാളാണ് രാഹുൽ ഗാന്ധി’’ –ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *