ടെഹ്റാൻ ∙ ഇറാൻ പ്രക്ഷോഭത്തിനിടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ചിത്രങ്ങൾ കത്തിച്ച് അതിൽ നിന്ന് സ്ത്രീകൾ സിഗരറ്റ് കൊളുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നതിൽ നിന്ന് സ്ത്രീകൾ സിഗരറ്റ് കൊളുത്തുന്നതും, പൊതുസ്ഥലത്ത് ശിരോവസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
രണ്ട് പ്രധാന നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഇറാനിയൻ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണ്. രണ്ടാമതായി, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ പുകവലിക്കുന്നത് വർഷങ്ങളായി വിലക്കപ്പെട്ടതോ നിരുത്സാഹപ്പെടുത്തുന്നതോ ആയ ഒന്നാണ്. ഈ രണ്ട് പ്രവൃത്തികളും ഒരേസമയം ചെയ്യുന്നതിലൂടെയും, നിർബന്ധിത ഹിജാബ് നിയമങ്ങൾ ലംഘിക്കുന്നതിലൂടെയും തങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട അധികാരത്തെയും കർശനമായ സാമൂഹിക നിയന്ത്രണങ്ങളെയുമാണ് പ്രതിഷേധക്കാർ വെല്ലുവിളിക്കുന്നത്. 2022ൽ ഡ്രസ് കോഡ് ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി മരിച്ചതിനെത്തുടർന്ന് ആരംഭിച്ച പ്രതിഷേധ തരംഗത്തിന്റെ തുടർച്ചയാണിത്.
മരണസംഖ്യ ഉയരുന്നതോടെ പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറിയിരിക്കുകയാണ്. അധികൃതർ ഇന്റർനെറ്റും ടെലിഫോൺ ബന്ധങ്ങളും വിച്ഛേദിച്ചു. ഡിസംബർ അവസാനത്തോടെ ആരംഭിച്ച ഈ പ്രതിഷേധങ്ങൾ, 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം നിലവിൽ വന്ന പുരോഹിത ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. രാജ്യത്തെ ആറ് ആശുപത്രികളിൽ മാത്രമായി, ചുരുങ്ങിയത് 217 പ്രതിഷേധക്കാർ മരിച്ചതായും, ഇവരിൽ ഭൂരിഭാഗവും വെടിയേറ്റാണ് മരിച്ചതെന്നും ടെഹ്‌റാനിലെ ഒരു ഡോക്ടർ ടൈം മാഗസിനോട് പറഞ്ഞു.
https://x.com/elizatino/status/2009826343610175695/video/2
