തന്ത്രിയുടെ വീട്ടിൽ നിന്നും വാജിവാഹനം കണ്ടെടുത്തു; കോടതിയിൽ ഹാജരാക്കി എസ്.ഐ.ടി

ശബരിമല സ്വർണ കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിന്നും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വാജിവാഹനം കണ്ടെടുത്തു.  വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി.

ശബരിമല ക്ഷേത്രത്തിലെ പഴയ കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വാജിവാഹനം തന്ത്രി കൈവശം വെച്ചിരിക്കുകയായിരുന്നു. പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജി വാഹനത്തിനു പതിനൊന്നു കിലോ തൂക്കമുണ്ട്.

ശബരിമല സ്വർണക്കൊള്ള വിഷയം ഉയർന്ന വേളയിൽതന്നെ പഴയ വാജി വാഹനം കാണാനില്ലെന്നു ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതു തന്റെ പക്കലുണ്ടെന്നും വീട്ടിൽ പൂജാമുറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും തന്ത്രി കണ്ഠര് രാജിവര് അറിയിച്ചിരുന്നു. പിന്നീട് വാജി വാഹനം തിരിച്ചെടുക്കണമെന്നു ദേവസ്വം ബോർഡിനോടും തന്ത്രി ആവശ്യപ്പെട്ടിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്തതിന് ശേഷം ചെങ്ങന്നൂരിലെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നാണ് സ്വർണപ്പണിക്കാരുടെ സഹായത്തോടെ പരിശോധിച്ച് വാജിവാഹനം കസ്റ്റഡിയിലെടുത്തത്.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പത്മകുമാറിന്റെ റിമാൻഡ് 29 വരെ നീട്ടി. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ അഡ്വ. സിജു രാജൻ ഹാജരായി. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *