ദില്ലി: അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി, അൽ ഫലാഹ് യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിലെ 54 ഏക്കർ ഭൂമി ഉൾപ്പെടെ 139 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. സിദ്ദിഖിയും കുടുംബാംഗങ്ങളും സർവകലാശാലയിലും അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും നടത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടുവെന്നാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്.
സിദ്ദിഖിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒമ്പത് സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഹോസ്റ്റലുകളുടെ കാറ്ററിംഗ് സർവീസ്, കാമ്പസിലെ കെട്ടിടങ്ങളുടെ നിർമ്മാണ കരാറുകൾ എന്നിവ സിദ്ദിഖിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കു നൽകിയതായും ആരോപണമുണ്ട്. സർവകലാശാലയുടെ ഫണ്ടുകൾ സ്വത്ത് ഏറ്റെടുക്കലിനായി ചാരിറ്റബിൾ ട്രസ്റ്റിലേക്കു മാറ്റിയതായും ആരോപണങ്ങൾ ഉണ്ട്.
ഈ കേസ് ഫരീദാബാദ് വൈറ്റ്-കൊളർ ഭീകര മോട്‌യൂൾ കേസുമായി ബന്ധപ്പെട്ടാണ്. അൽ ഫലാഹ് സർവകലാശാലയിൽ പഠിക്കുകയും ജോലി ചെയ്തിരുന്ന ചില ഡോക്ടർമാർ ഭീകരവാദ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡോ. മുസമ്മിൽ ഷക്കീലും ഡോ. ഷഹീൻ ഷാഹിദും നവംബർ 10 ന് ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് മണിക്കൂറുകൾ മുമ്പ് അറസ്റ്റിലായിരുന്നു. ചെങ്കോട്ട സ്ഫോടനം നടത്തിയ ഡോ. ഉമർ ഉൻ നബിയും ഈ സർവകലാശാലയിൽ പഠിച്ചു.

നവംബർ 18-ന് ഫരീദാബാദിലെ സർവകലാശാലയും ദില്ലിയിലെ അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വസതികളും ഉൾപ്പെടെ 18 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തി. വ്യാജ യു.ജി.സി അംഗീകാരവും, നാക് അക്രഡിറ്റേഷനും ഉപയോഗിച്ച് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സർവകലാശാല 415 കോടി രൂപ കൈപ്പറ്റിയെന്ന് ഇഡി കണ്ടെത്തി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകളും ഇതിനായി എത്തിയിരിക്കാമെന്നാണ് സൂചന.
ജവാദ് സിദ്ദിഖി മുമ്പും 2001-ൽ വ്യാജ നിക്ഷേപ സ്ഥാപനങ്ങൾ സ്ഥാപിച്ച് ആളുകളെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതിന് അറസ്റ്റിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് ഏകദേശം 7.5 കോടി രൂപ മാറ്റിയിരുന്നുവെന്നും 2004-ൽ ഇരകൾ പണം തിരികെ നൽകാമെന്ന് സമ്മതിച്ചതിനാൽ ജാമ്യം ലഭിച്ചതും വിവരമായി.

