EVENING KERALA : (തിരുനാവായ) കേരള കുംഭമേളയ്ക്കു നാളെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൊടിയുയർത്തും. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽനിന്ന് ഇന്നു ഘോഷയാത്രയായി എത്തിക്കും. നാളെ രാവിലെ പതിനൊന്നിനാണ് ഗവർണർ തിരുനാവായയിൽ എത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാർ നിളാ സ്നാനത്തിനായി തിരുനാവായയിൽ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരിൽ കുംഭമേള നടക്കുന്നത്. തമിഴ്നാട്ടിലെ ത്രിമൂർത്തി മലയിൽനിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും നാളെ തിരുനാവായയിലേക്കു പുറപ്പെടും.
കേരള കുംഭമേളയ്ക്കു റവന്യു വകുപ്പും പൊലീസും ചേർന്ന് വൻ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ 9 തഹസിൽദാർമാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചു. 300 പൊലീസ് സേനാംഗങ്ങൾ ഇവിടെയെത്തും. 150 പേർ വീതമടങ്ങുന്ന 2 ബാച്ചുകളായി തിരിഞ്ഞാണ് ഇവരുടെ സുരക്ഷാസേവനം. തിരക്കു കൂടുന്ന ദിവസം കൂടുതൽ സേനാംഗങ്ങളെ എത്തിക്കും.
കേരള കുംഭമേളയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറോളം സർവീസുകൾ നടത്താൻ കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെൽ വഴിയാണ് സർവീസുകൾ നടത്തുന്നത്. ഇതിൽ 55 സർവീസുകളിലേക്കുള്ള ആളുകളുടെ ബുക്കിങ് പൂർത്തിയായി. എല്ലാ ഡിപ്പോകളിൽനിന്നും സർവീസുകളുണ്ടാകും.
ഇന്ന് മൗനി അമാവാസി ദിനത്തിൽ തിരുനാവായയിൽ കാലചക്രം – ബലി എന്ന പൂജ നടക്കും. വൈകിട്ട് ആറു മുതൽ രാത്രി 11 വരെയാണ് പൂജ. ആചാര്യൻ കുഞ്ഞിരാമൻ പണിക്കരാണ് നേതൃത്വം നൽകുന്നത്. പര എന്ന ദേവതാ ഭാവത്തെ പ്രോജ്വലിപ്പിക്കുന്ന ആരാധനാ സമ്പ്രദായമാണിതെന്നു ചടങ്ങുകൾക്കു നേതൃത്വം നൽകുന്ന സ്വാമി അഭിനവ ബാലാനന്ദ ഭൈരവ പറഞ്ഞു. നൂറിലേറെ വർഷങ്ങൾക്കു ശേഷമാണ് നിളാതീരത്ത് ഈ പൂജ നടക്കുന്നത്.


