Union Budget 2026; ചരിത്ര നേട്ടം കുറിച്ച് നിർമ്മല സീതാരാമൻ; കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു

തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് രാവിലെ പതിനൊന്ന് മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. നേരത്തെ രാഷ്ട്രപതി ഭവനിലെത്തി നിർമ്മല സീതാരാമൻ ദ്രൗപതി മുർമുവിനോട് ബജറ്റ് അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നു. പിന്നാലെ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്ന് കേന്ദ്ര ബജറ്റിന് അംഗീകാരം നൽകിയിരുന്നു.

നേരത്തെ 2026 ലെ സാമ്പത്തിക സർവേ സർക്കാർ പുറത്തിറക്കിയിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ (FY26) ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനവും FY27 ൽ 6.8-7.2 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് പ്രവചിക്കുന്നത്. നിയന്ത്രണ പരിഷ്കാരങ്ങൾ, ശക്തമായ മാക്രോ ഇക്കണോമിക് അടിത്തറ, സ്വകാര്യ മേഖലയിലെ നിക്ഷേപത്തിനായുള്ള എന്നിവയാണ് ഈ നേട്ടത്തിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴിയിലാണ് കേരളം ഉൾപ്പെടാതിരുന്നത്.  മുംബൈ – പുണെ, പുണെ– ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി –വാരാണസി, വാരാണസി– സിലിഗുരി എന്നീ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ധനമന്ത്രി പഖ്യാപിച്ചിത്. ഇതോടെ കേരള എംപിമാർ ‘കേരളം, കേരളം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ബജറ്റിൽ േകരളത്തെ ചേർത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക, ഓരോ കുടുംബത്തിനും സമൂഹത്തിനും മേഖലയ്ക്കും വിഭവങ്ങൾ, സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ കർത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *