റെക്കോഡ് ലാഭത്തിനൊപ്പം സ്വർണ, വാഹന വായ്‌പകളിൽ തിളങ്ങി എസ്ഐബി

സൗത്ത് ഇന്ത്യൻ ബാങ്ക് മൂന്നാം പാദത്തിൽ സർവ കാല റെക്കോഡ് ലാഭം രേഖപ്പെടുത്തി. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 9% വർധിച്ച് 374.32 കോടി രൂപയിലെത്തി. ബാങ്കിന്റെ കരുത്തുറ്റ ബിസിനസ് തന്ത്രങ്ങളും പ്രവർത്തന മികവുമാണ് ഈ മികച്ച നേട്ടത്തിന് പിന്നിലെന്ന് എംഡിയും സിഇഒയുമായ പി.ആർ ശേഷാദ്രി വ്യക്തമാക്കി.
ലാഭത്തിനൊപ്പം ബാങ്കിന്റെ ആസ്തി ഗുണമേന്മയിലും വലിയ മുന്നേറ്റമുണ്ടായി. മൊത്തം കിട്ടാക്കടം 4.30 ശതമാനത്തിൽ നിന്ന് 2.67 ശതമാനമായി കുറഞ്ഞു. അറ്റാദായം മാത്രമല്ല, ബാങ്കിന്റെ പ്രവർത്തന ലാഭവും 10% വർധിച്ച് 584.33 കോടി രൂപയായി. സ്വർണ വായ്‌പ (26% വളർച്ച), വാഹന വായ്‌ (24% വളർച്ച) തുടങ്ങിയ മേഖലകളിലെ മുന്നേറ്റം ബാങ്കിന്റെ കരുത്ത് വർധിപ്പിച്ചു.
റീറ്റെയ്ൽ നിക്ഷേപങ്ങളിൽ 13 ശത മാനവും എൻആർഐ നിക്ഷേപങ്ങളിൽ ഒമ്പത് ശതമാനവും വളർച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയത്. കാസ (CASA) നിക്ഷേപങ്ങളിലുണ്ടായ 15 ശതമാനം വർധന കുറഞ്ഞ ചെലവിൽ ഫണ്ട് ശേഖരിക്കാൻ ബാങ്കിനെ പ്രാപ്തമാക്കുന്നു.
2025 ഡിസംബറിലെ കണക്കനുസരിച്ച് ബാങ്കിന്റെ മൂലധന പര്യാപ്തതത അനുപാതം 17.84 ശതമാനമാണ്. ഇത് ബാങ്കിന്റെ കരുത്തുറ്റ സാമ്പത്തിക നിലയെയാണ് സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *