നൂറുകണക്കിന് പെട്ടികളില്‍ ഡിറ്റണേറ്ററുകള്‍ പായ്ക്ക് ചെയ്ത് മുകളില്‍ തണ്ണിമത്തന്‍ നിരത്തിയ നിലയിൽ പാലക്കാട് ലോറി പിടികൂടി;ലക്ഷ്യമിട്ടത് വൻ ആക്രമണമോ? കേന്ദ്ര ഏജന്‍സികളും അന്വേഷണത്തിന് !

പാലക്കാട്: അതിര്‍ത്തി കടന്ന് തണ്ണിമത്തന്‍ ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടകവസ്തു ശേഖരം പാലക്കാട് പോലീസ് പിടികൂടിയതില്‍ അതീവ ജാഗ്രതയോടെ അന്വേഷണം. തമിഴ്‌നാട്ടില്‍ നിന്ന് തൃശൂരിലേക്ക് പോയ പിക്കപ്പ് വാനില്‍ തണ്ണിമത്തന്‍ ചാക്കുകള്‍ക്ക് അടിയില്‍ അതീവ രഹസ്യമായാണ് 18,000 ജലാറ്റിന്‍ സ്റ്റിക്കുകളും 4,800 ഡിറ്റനേറ്ററുകളും ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ (48) പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി എട്ടരയോടെ മെഡിക്കല്‍ കോളേജിന് സമീപം പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം സാഹസികമായി പിന്തുടര്‍ന്നാണ് പോലീസ് സംഘം വലയിലാക്കിയത്. ടാര്‍പ്പായ ഉപയോഗിച്ച് മൂടിയ വാഹനത്തിനുള്ളില്‍ മുകളില്‍ തണ്ണിമത്തന്‍ ചാക്കുകള്‍ നിരത്തി അതിനു താഴെ 90 പെട്ടികളിലായാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഉഗ്രസ്‌ഫോടന ശേഷിയുള്ള ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ അപ്രതീക്ഷിതമായി കൈയ്യില്‍ കിട്ടിയതോടെ പോലീസ് അതീവ കരുതലിലാണ്. പാറമടകളില്‍ ഉപയോഗിക്കുന്നവയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, രേഖകളില്ലാതെ കടത്തിയതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

കേന്ദ്ര ഏജന്‍സികളും സംഭവം നിരീക്ഷിച്ചു വരികയാണ്. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നത് എങ്ങോട്ടാണെന്ന് അറിയില്ലെന്നും വാഹനം നിശ്ചിത സ്ഥലത്ത് എത്തിച്ച ശേഷം മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു പദ്ധതിയെന്നുമാണ് ഡ്രൈവറുടെ മൊഴി. ഡ്രൈവര്‍മാര്‍ തമ്മില്‍ പരസ്പരം അറിയാത്ത ‘കണ്ണികള്‍’ മാത്രമാണെന്ന മൊഴിക്ക് പിന്നില്‍ വന്‍ ശൃംഖല തന്നെയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും സംഭവത്തില്‍ പരിശോധന ഊര്‍ജിതമാക്കി. അപകടസാധ്യത കണക്കിലെടുത്ത് അഗ്‌നിരക്ഷാസേനയുടെ സാന്നിധ്യത്തിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച ഫോറന്‍സിക്, ബാലിസ്റ്റിക് വിദഗ്ധര്‍ സ്ഥലത്തെത്തി കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും

Leave a Reply

Your email address will not be published. Required fields are marked *